തെന്നിന്ത്യൻ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രഭാസ് നായകനാകുന്ന ചിത്രം ‘ദ രാജാ സാബ്’ എത്താൻ വൈകും. ചിത്രത്തിന്റെ പുതിയ പോസ്റ്ററും അണിയറപ്രവർത്തകർ പങ്കുവച്ചിട്ടുണ്ട്. ഹാെറർ കോമഡി റൊമാന്റിക് ചിത്രമായെത്തുന്ന ദ രാജാ സാബിനായി ആകാംക്ഷയോടെയാണ് ഏവരും കാത്തിരുന്നത്. എന്നാൽ ആരാധകരെ നിരാശപ്പെടുത്തുന്ന വാർത്തയാണ് പുറത്തെത്തിയത്.
ഏപ്രിൽ 10-ന് ചിത്രം എത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ റിലീസ് നീളുമെന്നാണ് അണിയറപ്രവർത്തകർ പങ്കുവച്ച പോസ്റ്ററിൽ നിന്ന് വ്യക്തമാവുന്നത്. ബോക്സോഫീസിൽ വൻ ഹിറ്റ് നേടിയ ചിത്രം കൽക്കി 2898 എഡിക്ക് ശേഷം പ്രഭാസിന്റേതായി പുറത്തെത്തുന്ന ചിത്രമാണിത്. മാരുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിധി അഗർവാൾ, മാളവിക മോഹനൻ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ദ രാജാ സാബിന്റെ ടീസർ ഡിസംബറിൽ റിലീസ് ചെയ്യുമെന്ന തരത്തിൽ അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. എന്നാൽ, ഇക്കാര്യം നിഷേധിച്ചുകൊണ്ട് അണിയറപ്രവർത്തകർ രംഗത്തെത്തിയിരുന്നു. സിനിമയുടെ പോസ്റ്റ്-പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണെന്നും റിലീസ് തീയതി ഉടൻ പുറത്തുവിടുമെന്നുമായിരുന്നു പോസ്റ്റ്. ചിലരുടെ ഊഹാപോഹങ്ങൾ ആരും വിശ്വസിക്കരുതെന്നും ചിത്രത്തെ കുറിച്ചുള്ള വിവരങ്ങൾ ഔദ്യോഗികമായി അറിയിക്കുമെന്നും പോസ്റ്റിൽ പറഞ്ഞു.
പ്രമുഖ സംഗീത സംവിധായകൻ തമനാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്. ചിത്രത്തിലെ ഗാനങ്ങൾക്ക് ജാപ്പനീസ് പതിപ്പ് ഒരുക്കുമോയെന്ന് നിർമാതാക്കൾ ചോദിച്ചതായി തമൻ വെളിപ്പെടുത്തിയിരുന്നു. ജപ്പാനിൽ ഓഡിയോ ലോഞ്ച് സംഘടിപ്പിക്കാൻ ചിത്രത്തിന്റെ നിർമാതാക്കൾ ആലോചിക്കുന്നുണ്ടെന്നും തമൻ പറഞ്ഞു. ഇതിന് പിന്നാലെ തമന്റെ വാക്കുകൾ പ്രേക്ഷകർക്കിടയിൽ ചർച്ചയാവുകയാണ്.
Leave a Comment