പ്രയാഗ്രാജ്: മഹാകുംഭമേളയിലൂടെ യുപി ഖജനാവിലേക്ക് രണ്ട് ലക്ഷം കോടി രൂപയോളം എത്തുമെന്ന് കണക്ക്. 40 കോടിയിലധികം പേരിൽ ഓരോരുത്തരം 5,000 രൂപ ചെലവഴിച്ചാലാണ് രണ്ട് ലക്ഷം കോടി എത്തുക. ഇത് 10,000 ആണെങ്കിൽ വരുമാനം നാല് ലക്ഷം കോടിയായി ഉയരും.
കുംഭമേളയുടെ ഒരുക്കങ്ങൾക്ക് 7,000 കോടി രൂപയാണ് യുപി സർക്കാർ വിനിയോഗിച്ചത്. ലോകത്തിലെ ഏറ്റവും വലിയ ആത്മീയ സംഗമം മൊത്തം ആഭ്യന്തര ഉൽപ്പാദനത്തിൽ ഒരു ശതമാനം വർദ്ധിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഭക്ഷണം മുതൽ വിമാന ടിക്കറ്റ് വരെ വരുമാനം വരുന്ന വഴികളാണ്. ഭക്ഷണ പാനീയം ഇനത്തിൽ 20,000 കോടിയാണ് വരുമാനം കണക്കാക്കുന്നത്. എണ്ണ, വിളക്ക്, വഴിപാട് ഇനത്തിൽ 20,000 കോടി, ഗതാഗതം 10,000 കോടി, ഇ- ടിക്കറ്റിംഗ് , മൊബൈൽ ചാർജിംഗ് സ്റ്റേഷനുകൾക്ക് എന്നിവയ്ക്ക് 1000 കോടി വരുമാനവും ലഭിക്കുമെന്നാണ് ഏകദേശ കണക്ക്.
2019 ലെ അർദ്ധ കുംഭമേളയിൽ നിന്ന് സംസ്ഥാനത്തിന് 1.2 ലക്ഷം കോടി രൂപയുടെ വരുമാനമുണ്ടായെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു. 40–45 കോടി ഭക്തരിൽ ഏകദേശം 80% വും 6,000–8,000 രൂപ വരെ ചെലവഴിക്കുമെന്നാണ് കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സ് (സിഎഐടി) പ്രതീക്ഷ. കുംഭമേളയുടെ 45 ദിവസങ്ങളിൽ മൊത്തം 2–2.5 ലക്ഷം കോടി സാമ്പത്തിക ഇടപാടുകളാണ് നടക്കുക. ഈ തുക ഇന്ത്യൻ ജിഡിപിയുടെ 0.8% ന് തുല്യമാണ്.