ദുബായിൽ നടന്ന 24H എൻഡ്യൂറൻസ് റേസിംഗിൽ ഉജ്ജ്വല നേട്ടം സ്വന്തമാക്കിയതിൽ ആശംസകൾ അറിയിച്ചവർക്ക് നന്ദി പറഞ്ഞ് നടൻ അജിത്. താരത്തിന്റെ മാനേജരാണ് എക്സിലൂടെ അജിതിന്റെ നന്ദി പ്രസ്താവന പങ്കുവച്ചത്. ദുബായ് റേസിംഗ് മത്സരത്തിലും അതിന് ശേഷം നൽകിയ പ്രോത്സാഹനത്തിനും കുടുംബാംഗങ്ങൾക്കും ആരാധകർക്കും സഹപ്രവർത്തകർക്കും മാദ്ധ്യമങ്ങൾക്കും രാഷ്‌ട്രീയ നേതാക്കൾക്കും നന്ദി അറിയിക്കുന്നതായി അജിത് കുറിപ്പിൽ പറയുന്നു.
“എന്നെ പിന്തുണച്ചവരോടും ആശംസകൾ അറിയിച്ചവരോടും നന്ദി പറയാൻ എനിക്ക് വാക്കുകളില്ല. നിങ്ങളിൽ നിന്ന് ലഭിച്ച സ്നേഹവും പ്രോത്സാഹനവുമാണ് എന്റെ ശക്തി. എനിക്ക് മുന്നിലെ പരിമിതികൾ മറികടക്കാനും വെല്ലുവിളികൾ തരണം ചെയ്യാനും മോട്ടോർ സ്പോർട്സിൽ പുതിയ നാഴികക്കല്ല് സൃഷ്ടിക്കാനുമൊക്കെ ഇത് എന്നെ പ്രചോദിപ്പിക്കുന്നു. നിങ്ങൾ എന്നിൽ അർപ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കാൻ ഞാൻ പ്രതിജ്ഞാബദ്ധമാണ്”- അജിത് കുറിച്ചു.
Here’s The Official Thanks Note From #AjithKumar Sir To His Fans / Supporters For The Unwavering Love And Support !! ❤️#AjithKumarRacing pic.twitter.com/MXHhpaLAtj
— AJITHKUMAR FANS CLUB (@ThalaAjith_FC) January 14, 2025
ജനുവരി 10 മുതൽ 12 വരെയാണ് ദുബായ് 24H റേസിംഗ് നടന്നത്. ട്രാക്കിലെ തീപാറുന്ന പോരാട്ടത്തിൽ മൂന്നാം സ്ഥാനമാണ് അജിതിന്റെ റേസിംഗ് ടീം നേടിയത്. 911 കാറ്റഗറിയിലായിരുന്നു ഈ ഉജ്ജ്വലനേട്ടം. ജിടി-4 വിഭാഗത്തിൽ സ്പിരിറ്റ് ഓഫ് റേസ് ട്രോഫിയും താരം സ്വന്തമാക്കിയിരുന്നു. അജിതിന്റെ വിജയത്തിന് പിന്നാലെ സിനിമ, രാഷ്‌ട്രീയ മേഖലകളിൽ നിന്ന് നിരവധി പേർ ആശംസകൾ അറിയിച്ചു.
റേസിംഗ് പരിശീലനത്തിനിടെ അജിത്തിന്റെ കാർ അപകടത്തിൽപെട്ടിരുന്നു. ദുബായ് എയറോഡ്രോമിൽ വച്ചായിരുന്നു അപകടം. അതിവേഗത്തിലെത്തിയ കാർ ബാരിക്കേഡിൽ ഇടിക്കുകയായിരുന്നു. അജിതിന് ചെറിയ പരിക്കുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ട് തന്നെ മത്സരത്തിൽ പങ്കെടുക്കാൻ തീരുമാനിക്കുകയായിരുന്നു. അജിതിന്റെ ഭാര്യ ശാലിനിയ്‌ക്കും മക്കൾക്കുമൊപ്പം നടൻ മാധവനും മത്സരം കാണാൻ എത്തിയിരുന്നു. ട്രാക്കിൽ അത്ഭുതപ്പെടുത്തുന്ന പ്രകടനം കാഴ്ചവച്ച തല അജിതിന്റെ നിരവധി വീഡിയോകൾ സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെട്ടിരുന്നു.