ശ്രീനഗർ: ഉൾമേഖലകളിൽ താമസിക്കുന്ന വിമുക്തഭടന്മാർക്കും കുടുംബങ്ങൾക്കും ആവശ്യമായ ചികിത്സാ സൗകര്യങ്ങൾ അവരുടെ വീട്ടുപടിക്കൽ എത്തിക്കുമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. കശ്മീരിലെ അഖ്‌നൂരിൽ സായുധസേനാ വെറ്ററൻസ് ദിന പരിപാടിയിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. വിമുക്തഭടന്മാരുമായി സംവദിച്ച പ്രതിരോധ മന്ത്രി അതിർത്തികൾ സംരക്ഷിക്കുന്നതിന് നിസ്വാർത്ഥമായി പ്രവർത്തിച്ച, പ്രവർത്തിക്കുന്ന സായുധ സേനാംഗങ്ങളോട് നന്ദി പറയുകയും ചെയ്തു.
‘ഇന്ത്യൻ സായുധസേനയിൽ നിന്ന് വിരമിച്ച മുൻ സൈനികരെയും അവരുടെ കുടുംബങ്ങളെയും സംരക്ഷിക്കുന്നതിനായി സർക്കാർ നിരവധി ക്ഷേമ പദ്ധതികൾ നടപ്പിലാക്കിയിട്ടുണ്ട്. ഇതിൽ ഏറ്റവും സുപ്രധാനമായ പദ്ധതിയാണ് മൊബൈൽ മെഡിക്കൽ യൂണിറ്റ്. നഗരപ്രദേശങ്ങളിൽ നിന്ന് മാറി ഉൾഗ്രാമങ്ങളിലും മറ്റും താമസിക്കുന്ന വിമുക്തഭടന്മാർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമുള്ള എല്ലാ ചികിത്സാ സഹായങ്ങളും അവരുടെ സമീപത്ത് തന്നെ ലഭ്യമാക്കും’.
‘ജമ്മുകശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം കശ്മീരിന്റെ സുരക്ഷയിലും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളുമായുള്ള സഹകരണത്തിലും കാര്യമായ പുരോഗതികൾ ഉണ്ടായിട്ടുണ്ട്’. ഇന്ത്യൻ സായുധസേനയെ പ്രശംസിച്ച പ്രതിരോധ മന്ത്രി 1948, 1965, 1971, 1999 എന്നിവയുൾപ്പെടെ ഇന്ത്യ-പാക് യുദ്ധങ്ങളിൽ പാകിസ്താനെ പരാജയപ്പെടുത്താൻ ഇന്ത്യൻ സായുധസേനയ്‌ക്ക് കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
ഭീകരവാദ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്ന പാകിസ്താനെതിരെയും രാജ്നാഥ് സിംഗ് ആഞ്ഞടിച്ചു. പാക് അധിനിവേശ കശ്മീരിന്റെ ഭൂമി ഭീകരവാദത്തിനായി ഉപയോഗിക്കുന്നു. പിഒകെയിൽ ഭീകരർക്കായി പരിശീലന ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ട്. പിഒകെ ഇല്ലാതെ ജമ്മുകശ്മീർ അപൂർണമാണെന്നും ഇന്ത്യയുടെ കിരീടമാണ് പിഒകെയെന്നും അദ്ദേഹം പറഞ്ഞു.