ന്യൂഡൽഹി: നിസ്വാർത്ഥ സേവനത്തിന്റെയും ആത്മവിശ്വാസത്തിന്റെയും അടയാളമായി രാജ്യം ഇന്ന് കരസേന ദിനം ആചരിക്കും. കരസേന ദിനത്തിന്റെ ഭാഗമായി രാജ്യത്ത് പ്രത്യേക പരിപാടികൾ സംഘടിപ്പിക്കും. മഹാരാഷ്‌ട്രയിലെ പൂനെയിൽ നടക്കുന്ന പരിപാടിയിൽ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് മുഖ്യാതിഥിയായി പങ്കെടുക്കും. ഇത് മൂന്നാം തവണയാണ് ഡൽഹിക്ക് പുറത്ത് കരസേന ദിനത്തോടനുബന്ധിച്ച് പരിപാടി സംഘടിപ്പിക്കുന്നത്.
രാജ്യത്തിന് വേണ്ടിയുള്ള സായുധസേനയുടെ നിസ്വാർത്ഥ പ്രവർത്തനങ്ങളുടെയും അർപ്പണബോധത്തിന്റെയും ഓർമപ്പെടുത്തലാണ് ഓരോ കരസേന ദിവസവും. രാജ്യത്തിന്റെ അതിർത്തി പ്രദേശങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള സായുധസേനയുടെ അചഞ്ചലമായ അർപ്പണബോധത്തെ ഈ ദിവസം ആദരിക്കുന്നു.
ഇന്ത്യൻ സായുധസേനയുടെ ധീരത, ത്യാഗം, ആത്മസമർപ്പണം എന്നിവയെ ആദരിക്കുന്നതിന്റെ ഭാഗമായാണ് ജനുവരി 15 കരസേന ദിനം ആചരിക്കുന്നത്. കരസേനയുടെ ആറ് വിഭാഗങ്ങൾ ആഘോഷത്തിന്റെ ഭാഗമായ പരേഡിൽ അണിനിരക്കും. വിവിധ പരേഡുകൾ, സൈനിക പ്രദർശനങ്ങൾ, മെഡൽദാന ചടങ്ങുകൾ എന്നിവ ആഘോഷങ്ങളുടെ ഭാഗമായി നടക്കും.
കരസേനയുടെ ശക്തി പ്രകടമാക്കുന്ന വിവിധ റെജിമെന്റുകളുടെ അഭ്യാസ പ്രകടനവും നടക്കും. രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച സായുധ സേനാംഗങ്ങളെയും ഈ ദിവസം ഓർമിക്കും.
1949-ൽ ഇന്ത്യൻ കരസേനയുടെ ആദ്യ കമാൻഡർ-ഇൻ-ചീഫ് ആയി ജനറൽ കെ.എം കരിയപ്പ ചുമതലയേറ്റിരുന്നു.
ഇതിന്റെ അനുസ്മരണമായാണ് ഈ ദിവസം ആചരിക്കുന്നത്. ബ്രിട്ടീഷ് ആധിപത്യത്തിൽ നിന്ന് ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന്റെ സൂചകമായി 1895 ഏപ്രിൽ ഒന്നിന് ആദ്യമായി രാജ്യം കരസേന ദിനം ആചരിച്ചു. എന്നാൽ, പിന്നീട് ജനുവരി 15 ലേക്ക് മാറ്റുകയായിരുന്നു.
Leave a Comment