കൊച്ചി: ജാമ്യം ലഭിച്ചിട്ടും ജയിലിൽ നിന്ന് പുറത്തിറങ്ങാൻ വിസമ്മതിച്ച വ്യവസായി ബോബി ചെമ്മണ്ണൂരിന് എട്ടിന്റെ പണി. ബോബി ചെമ്മണ്ണൂരിന്റെ കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണൻ്റേതാണ് സ്വമേധയായുള്ള നടപടി. പ്രതിഭാഗം അഭിഭാഷകർ അടക്കമുള്ളവരോട് കോടതിയിൽ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. മറ്റ് കേസുകളെല്ലാം പരിഗണിക്കും മുമ്പേ ബോബി ചെമ്മണ്ണൂരിന്റെ കേസ് പരിഗണിക്കാമെന്ന് അറിയിക്കുകയായിരുന്നു.
ഇന്നലെ എന്താണ് സംഭവിച്ചതെന്ന് കോടതിയെ അറിയിക്കണമെന്നാണ് അറിയിച്ചിരിക്കുന്നത്. ഹൈക്കോടതി കേസ് പരിഗണിക്കാനിരിക്കവേ ബോബി ചെമ്മണ്ണൂർ ജയിലിൽ നിന്ന് പുറത്തിറങ്ങി. 10.15-ന് കേസ് പരിഗണിക്കാനിരിക്കവേ 9.55-ഓടെയാണ് ബോ.ചെ ജയിലിൽ നിന്നിറങ്ങിയത്. അഭിഭാഷകരടക്കം പാഞ്ഞെത്തിയാണ് ബോ.ചെയെ പുറത്തിറക്കിയത്. അസാധാരണ സംഭവവികാസങ്ങൾക്കാണ് കാക്കനാട് ജയിൽ സാക്ഷ്യം വഹിക്കുന്നത്.
ജാമ്യം നൽകിയതിന് പിന്നാലെ ജയിലിൽ നിന്ന് പുറത്തിറങ്ങാൻ ബോബി ചെമ്മണ്ണവൂർ വിസമ്മതിച്ചിരുന്നു. ഈ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിലാണ് ഹൈക്കോടതിയുടെ അസാധാരണ നീക്കം. സാങ്കേതിക കാരണങ്ങളാൽ ജാമ്യം കിട്ടാതെ കഴിയുന്ന തടവുകാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ജയിലിൽ തുടരുകയാണെന്നാണ് ബോ.ചെ ഇന്നലെ പറഞ്ഞത്. ഇന്നലെ വൈകുന്നേരം നാല് മണിയോടെയാണ് ജാമ്യ ഉത്തരവ് പുറത്തിറക്കിയത്. 5.30-ഓടെ ജയിലിലെത്തിച്ച് നടപടികൾ പൂർത്തിയാക്കിയിരുന്നു. ബോ.ചെ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിച്ച് നിരവധി പേരാണ് ജയിലിന് പുറത്ത് സ്വീകരിക്കാനെത്തിയത്.
Leave a Comment