തമിഴകത്ത് വീണ്ടും ഹിറ്റടിക്കാൻ ജയിലർ-2 എത്തുന്നതിന്റെ സന്തോഷത്തിലാണ് ആരാധകർ. പൊങ്കൽ ദിവസമായ ഇന്നലെ പുറത്തിറങ്ങിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് ടീസർ സോഷ്യൽമീഡിയയിൽ വൈറലാവുകയാണ്. തലൈവരുടെ മാസ് രംഗങ്ങൾ കോർത്തിണക്കിയ ടീസർ ഇരുകയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ് പ്രേക്ഷകർ.
നിർമാതാക്കളായ സൺ പിക്ചേഴ്സിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെയും തെരഞ്ഞെടുക്കപ്പെട്ട തിയേറ്ററുകളിലൂടെയുമാണ് അനൗൺസ്മെന്റ് ടീസർ പുറത്തുവന്നത്. ജയിലർ 2- ന്റെ നാല് മിനിറ്റ് വീഡിയോ ഇപ്പോൾ സോഷ്യൽമീഡിയ ട്രെൻഡിംഗ് ലിസ്റ്റിൽ ഇടംപിടിച്ചിരിക്കുകയാണ്.
രജനികാന്തിനെ കൂടാതെ സംവിധായകൻ നെൽസൺ, സംഗീത സംവിധായകൻ അനുരുദ്ധ് എന്നിവരാണ് വീഡിയോയിലുള്ളത്. ഗോവയിൽ വെക്കേഷൻ ആഘോഷിക്കാനെത്തിയ അനുരുദ്ധും നെൽസണും. സിനിമയെ കുറിച്ചുള്ള ചർച്ചകൾക്കിടെ മാസ് ലുക്കിൽ തീപ്പൊരി പാറിച്ചെത്തുന്ന തലൈവരെ വീഡിയോയിൽ കാണാം. പ്രേക്ഷകർക്ക് ആകാംക്ഷയൊരുക്കുന്ന ടീസർ തന്നെയാണ് പുറത്തെത്തിയത്.
മുത്തുവേൽ പാണ്ഡ്യൻ എന്ന കഥാപാത്രമായാണ് രജനികാന്ത് ചിത്രത്തിലെത്തിയത്. ഈ കഥാപാത്രത്തെ ആഴത്തിൽ പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്നതാണ് ജയിലർ 2 എന്നാണ് വിവരം. രണ്ടാം ഭാഗത്തിൽ മോഹൻലാൽ ഉണ്ടോയെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് മലയാളി ആരാധകർ. ജയിലറിലെ അഭിനയത്തിന് വിനായകനും ഏറെ ശ്രദ്ധനേടിയിരുന്നു.