ഇസ്ലാമിക രാഷ്ട്രങ്ങളിലും യൂറോപ്യൻ രാജ്യങ്ങളിലും ട്രെൻഡിംഗ് ആയി സനാതന ധർമവും പൈതൃകവും വിളിച്ചോതുന്ന മഹാകുംഭമേള. ലോകരാജ്യങ്ങൾ അത്ഭുതത്തോടെയാണ് കുംഭമേള നിരീക്ഷിക്കുന്നത്. കുംഭമേള ആരംഭിച്ച ദിനം മുതൽ സൈബറിടങ്ങളിൽ കുംഭമേളയിൽ നിന്നുള്ള ദൃശ്യങ്ങളും വാർത്തകളും ഹിറ്റാവുകയാണ്.
ഇസ്ലാമിക രാജ്യങ്ങളായ പാകിസ്താൻ, സൗദി അറേബ്യ, ഖത്തർ തുടങ്ങിയ രാജ്യങ്ങൾ അടുത്തിടെയായി ഏറ്റവും കൂടുതൽ സെർച്ച് ചെയ്ത കീവേർഡ‍് ‘മഹാകുംഭമേള’യാണ്. കുംഭമേള സെർച്ച് ചെയ്ത രാജ്യങ്ങളുടെ പട്ടികയിൽ ആദ്യമുള്ളത് പാകിസ്താൻ ആണെന്നത് ശ്രദ്ധേയമാണ്. പിന്നാലെ ഖത്തർ, യുഎഇ, ബഹ്‌റൈൻ എന്നീ രാജ്യങ്ങളിലാണ് മഹാകുംഭമേള ട്രെൻഡിംഗ് ആകുന്നത്. സിംഗപ്പൂർ, ഓസ്ട്രേലിയ, കാനഡ, ഐയർലൻഡ്, ബ്രിട്ടൺ, തായ്‌ലൻഡ്, അമേരിക്ക എന്നിവിടങ്ങളിലും വ്യാപകമായി ജനങ്ങൾ കുംഭമേളയുടെ വിശേഷങ്ങൾ സൈബർ ലോകത്ത് തിരയുന്നു.
45 കോടിയിലധികം പേർ ഒത്തുകൂടുന്ന ലോകത്തിലെ ഏറ്റവും വലിയ മതസമ്മേളനത്തെ അത്ഭുതത്തോടെയാണ് വിദേശരാജ്യങ്ങൾ നോക്കി കാണുന്നത്. ഇത്രയധികം ജനങ്ങളെ എങ്ങനെയാണ് സുഗമമായി കൈകാര്യം ചെയ്യുന്നതെന്നും കൗതുകമുണർത്തുന്ന സംഗതിയാണ്. ഭാരതത്തിന്റെ സംസ്കാരം ലോകരാജ്യങ്ങളിൽ സ്വാധീനം ചെലുത്തുന്നതിന്റെ തെളിവാണ് ഇത്.
ഇന്ത്യക്ക് പുറമേ ലോകത്തിന്റെ വിവധ കോണിൽ നിന്നുള്ള കോടി കണക്കിന് പേരാണ് പ്രയാഗ്രാജിലെ ത്രിവേണി സംഗമത്തിൽ പുണ്യ സ്നാനത്തിനെത്തുന്നത്. ഇന്നലെ മകരസംക്രാന്തി ദിനത്തിലായിരുന്നു ആദ്യ സ്നാനം നടന്നത്. ഏകദേശം 3.5 കോടി പേരാണ് ഇന്നലെ മാത്രം സ്നാനം ചെയ്തത്. ഫെബ്രുവരി 26 വരെയാണ് മഹാകുംഭമേള.