തിരുവനന്തപുരം: ശബരിമല ശ്രീകോവിലിന് മുൻപിലെ ദേവസ്വം മന്ത്രി ടി. എൻ വാസവന്റെ ‘കയ്യും കെട്ടി’ നിൽപ്പിനെ വിമർശിച്ച് വിഎച്ച്പി സംസ്ഥാന പ്രസിഡന്റ് വിജി തമ്പി. മകരവിളക്ക് ദീപാരാധനയുടെ സമയത്തെ മന്ത്രിയുടെ പ്രകടനം അയ്യനെ അവഹേളിക്കുന്നതിന് തുല്യമാണെന്ന് അദ്ദേഹം പറഞ്ഞു.
തിരുവാഭരണം ചാർത്തിയ ഭഗവാനെ ഒരു നോക്ക് കാണാൻ ലക്ഷക്കണക്കിന് ആളുകൾ കാത്തിരിക്കുന്ന സമയത്താണ് മന്ത്രിയുടെ ഇത്തരത്തിലുള്ള പ്രകടനം. അവർക്ക് ദർശന സൗകര്യം നൽകാതെ മന്ത്രി നടയിൽ കയറി നിൽക്കുകയാണ്. മണ്ഡലകാലത്തും ഇതേ വൃത്തികേട് കാണിച്ചിരുന്നു.
വളരെ നികൃഷ്ടമായ രീതിയിൽ, വളരെ പുച്ഛത്തോടു കൂടിയായിരുന്നു ഭഗവാന്റെ മുന്നിലുള്ള അദ്ദേഹത്തിന്റെ നിൽപ്പ്. ദേവസ്വം ഭരിക്കുന്ന മന്ത്രി ഭഗവാനെ ഒരു നോക്ക് കാണാനോ വണങ്ങാൻ പോലും തയ്യാറാകാതെ കയ്യും കെട്ടി നോക്കി നിന്നത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല. ഹിന്ദു സമാജത്തിലെ ഒരാൾക്കും മന്ത്രിയുടെ പ്രവൃത്തി അംഗീകരിക്കാൻ കഴിയില്ല. അദ്ദേഹത്തിന് ഭക്തിയുണ്ടോ ഇല്ലയോ എന്നത് മറ്റൊരു വിഷയമാണ്. എല്ലാവരും ഭക്തിയോടെ തൊഴുത് നിൽക്കുമ്പോൾ ഇദ്ദേഹം മാത്രം ജാഡ പരിപാടി കാണിച്ചത് പൊറുക്കാനാവാത്ത തെറ്റാണെന്നും വിജി തമ്പി ജനം ടിവിയോട് പറഞ്ഞു.
തൊഴുത് പോകുമോ എന്ന് പേടിച്ചാണ് കൈ കെട്ടിവച്ചതെന്നും അബദ്ധത്തിലെങ്ങാനും തൊഴുത് പോയാൽ സിപിഎം തല വച്ചേക്കില്ലെന്നും വിജി തമ്പി പരിഹസിച്ചു.