ദക്ഷിണ കൊറിയൻ പ്രസിഡന്റ് യൂൻ സുക് യോൾ അറസ്റ്റിൽ

Published by
Janam Web Desk

സോള്‍: രാജ്യത്ത് പട്ടാളനിയമം പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് ഇംപീച്ച് ചെയ്യപ്പെട്ട ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് യൂന്‍ സുക് യോള്‍ അറസ്റ്റില്‍. പ്രസിഡന്റ് യോളിനെ കസ്റ്റഡിയിലെടുക്കാനും അദ്ദേഹത്തിന്റെ ഓഫീസിലും വീട്ടിലും തിരച്ചില്‍ നടത്താനും സോള്‍ വെസ്റ്റേണ്‍ ഡിസ്ട്രിക്ട് കോടതി വാറന്റ് പുറത്തിറക്കിയിരുന്നു. പട്ടാള നിയമപ്രഖ്യാപനവുമായി ബന്ധപ്പെട്ട് രാജ്യത്തിന്റെ അഴിമതിവിരുദ്ധ ഏജന്‍സി നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായാണ് അറെസ്റ്റുണ്ടായത്

അറസ്റ്റ് ചെയ്യാന്‍ വസതിയിലെത്തിയ അന്വേഷണ ഉദ്യോഗസ്ഥരുടെ ഓഫീസില്‍ ഹാജരാകാന്‍ യൂൻ സുക് യോൾ തയ്യാറാകുകയായിരുന്നുവെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകർ വ്യക്തമാക്കി. അന്വേഷണത്തിന്റെ നിയമസാധുത അദ്ദേഹം അംഗീകരിക്കുന്നില്ലെങ്കിലും രക്തച്ചൊരിച്ചില്‍ തടയാനായാണ് അതനുസരിച്ചതെന്നും ഒരു വീഡിയോയില്‍ യുന്‍ സുക് യോള്‍ പറഞ്ഞു. തന്നെ തടങ്കലില്‍ വെച്ചതിനെ തുടര്‍ന്ന് നിയമവാഴ്ച പൂര്‍ണമായും തകര്‍ന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു.ഇംപീച്ച് ചെയ്യപ്പെട്ടെങ്കിലും ഭരണഘടനാ കോടതിയുടെ തീരുമാനം കാത്തിരിക്കുന്ന യോള്‍ പദവിയില്‍ തുടരുന്നതിനിടെയാണ് ഇപ്പോഴത്തെ അറസ്റ്റ്.

 

ഡിസംബര്‍ 14-ന് നടന്ന ഇംപീച്ച്‌മെന്റ് വോട്ടെടുപ്പിനെ തുടര്‍ന്ന് യോളിന്റെ അധികാരങ്ങള്‍ താത്കാലികമായി റദ്ദാക്കിയിരുന്നു. തുടര്‍ച്ചയായ കലാപങ്ങള്‍ നടത്തി ദേശീയ അസംബ്ലിയെയും പൊതുജനങ്ങളെയും ഭീഷണിപ്പെടുത്തി യൂന്‍ കലാപം നടത്തിയെന്ന് ആരോപിച്ചാണ് പാര്‍ലമെന്റില്‍ ഇംപീച്ച്മെന്റ് പ്രമേയം കൊണ്ടുവന്നത്. കലാപശ്രമത്തിനാണ് യോളിന്റെ പേരില്‍ കേസെടുത്തിരിക്കുന്നത്. വധശിക്ഷവരെ ലഭിക്കാവുന്ന കുറ്റമാണിത്.

Share
Leave a Comment