കാസർകോട്: പെരിയ ഇരട്ടക്കൊല കേസിൽ വീണ്ടും പണപ്പിരിവുമായി സിപിഎം. സ്പെഷ്യൽ ഫണ്ട് എന്ന പേരിലാണ് പണപ്പിരിവ് നടത്തുന്നത്. ഓരോ ബ്രാഞ്ചിനും ക്വാട്ട നിശ്ചയിച്ചാണ് പണപ്പിരിവ്. ഈ മാസം ഇരുപതിനകം പിരിച്ച തുക പണം ഏരിയാ കമ്മിറ്റികൾക്ക് കൈമാറാണം. കേസ് നടത്താനായി രണ്ട് കോടി രൂപയാണ് സിപിഎം സമാഹരിക്കുന്നത്.
പാർട്ടി അംഗങ്ങൾ 500 രൂപ വെച്ച് നൽകണമെന്നാണ് നിർദ്ദേശം. ജോലിയുള്ളവരാണെങ്കിൽ 500 ൽ ഒതുങ്ങില്ല. ജോലിയുള്ളവരും സഹകരണ സംഘങ്ങളിൽ ജോലി ഉള്ളവരും ഒരു ദിവസത്തെ ശമ്പളം നൽകണമെന്നാണ് മുകളിൽ നിന്നുള്ള ചട്ടം. പെരിയ കേസിന് വേണ്ടി ഇത് രണ്ടാം തവണയാണ് സിപിഎമ്മിന്റെ പണം പിരിവ്. ജില്ലാ കമ്മിറ്റി ഓഫീസിന്റെ നിർമ്മാണത്തിന്റെ പേരിലാണ് 2021 ഫണ്ട് സമാഹരിച്ചത് .
കാസർകോട് ജില്ലയിൽ സിപിഎമ്മിന് ഏകദേശം 28,000 അംഗങ്ങൾ ഉണ്ട്. ഇവരിൽ നിന്നുള്ള പിരിവുകൊണ്ട് കേസ് നടത്താൻ സാധിക്കുമെന്നാണ് പാർട്ടിയുടെ കണക്കുകൂട്ടൽ. മുൻ എംഎൽഎ കെവി കുഞ്ഞിരാമൻ, സിപിഎം ജില്ലാ കമ്മിറ്റി അംഗം കെ മണികണ്ഠൻ അടക്കമുള്ള പ്രതികളുടെ കേസ് നടത്തിപ്പിനാണ് ഫണ്ട് പിരിക്കുന്നത്.