‘അശ്രദ്ധ കൊണ്ട് പറ്റിയത്’; തുടർഭരണത്തെ കുറിച്ചുള്ള സക്കർബർഗിന്റെ വിവാദ പരാമർശം; മാപ്പ് പറഞ്ഞ് മെറ്റ

Published by
ജനം വെബ്‌ഡെസ്ക്

ന്യൂഡൽഹി:  ഇന്ത്യൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാർക്ക് സക്കർബർഗ് നടത്തിയ വിവാദ പരാമർശത്തിൽ മാപ്പ് പറഞ്ഞ്  മെറ്റ. സിഇഒയുടെ വാക്കുകൾ അശ്രദ്ധമൂലം പറ്റിയ പിഴവായിരുന്നു എന്നാണ് മെറ്റാ ഇന്ത്യ ക്ഷമാപണ കുറിപ്പിൽ പറഞ്ഞു. തെറ്റായ വിവരം പ്രചരിപ്പിച്ചതിന് മെറ്റാ ഉദ്യോ​ഗസ്ഥരെ വിളിച്ചുവരുത്തുമെന്ന് പാര്‍ലമെന്ററി ഐടി സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നിഷികാന്ത് ദുബെ എംപി മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് മെറ്റാ ഇന്ത്യ വൈസ് പ്രസിഡൻ്റ് ശിവനാഥ് തുക്രലിന്റെ ക്ഷമാപണം.

കോവിഡിന് ശേഷം ഇന്ത്യയിലുൾപ്പെടെ ഒരു ലോകരാജ്യങ്ങളിലും സർക്കാരുകൾക്ക് ഭരണ തുടർച്ച ലഭിച്ചിട്ടില്ലെന്നായിരുന്നു സക്കർബർഗ് അഭിപ്രായപ്പെട്ടത്. ജനുവരി 10-ന് നടത്തിയ പോഡ് കാസ്റ്റിലാണ് ഫെയ്‌സ്ബുക്ക് സഹസ്ഥാപകനും മെറ്റ സിഇഒയുമായ സക്കര്‍ബര്‍ഗ് വിവാദ പരാമര്‍ശം നടത്തിയത്. തൊട്ടു പിന്നാലെ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്  സക്കർബർഗിന് മറുപടിയുമായി എത്തി.

2024 ലെ പൊതു തെരഞ്ഞെടുപ്പിൽ എൻഡിഎ നേടിയ വൻ തുടർ വിജയം ചൂണ്ടിക്കാട്ടിയായിരുന്നു അശ്വിനി വൈഷ്ണവിന്റെ മറുപടി. സക്കർബെർഗിനെപ്പോലൊരാൾ ഇത്തരത്തിൽ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ പ്രചരിപ്പിക്കുന്നത് നിരാശാജനകമാണെന്ന് അശ്വിനി വൈഷ്ണവ് ചൂണ്ടിക്കാട്ടി. വസ്തുതകളും വിശ്വാസ്യതയും എപ്പോഴും ഉയർത്തിപ്പിടിക്കാനാണ് നോക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

 

 

 

Share
Leave a Comment