എറണാകുളം: തന്റെ വാക്കുകൾ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ മാപ്പ് ചോദിക്കുന്നുവെന്ന് ബോബി ചെമ്മണ്ണൂർ. എന്റെ ഉദ്ദേശ്യശുദ്ധിയിൽ ഒരാളെയും വിഷമിപ്പിക്കുന്ന രീതിയിൽ സംസാരിക്കാറില്ല. ഏതെങ്കിലും തരത്തിൽ എന്റെ വാക്കുകൾ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ മാപ്പ് ചോദിക്കുന്നു. ഭാവിയിൽ കാര്യങ്ങൾ പറയുമ്പോൾ തീർച്ചയായും ശ്രദ്ധിക്കും. പ്രത്യേകിച്ച് കോടതിയും ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്ന് ബോബി ചെമ്മണ്ണൂർ പറഞ്ഞു.
ജാമ്യം ലഭിച്ച ശേഷവും ജയിലിൽ നിന്ന് പുറത്തിറങ്ങാൻ വൈകിയതിന് ബോബി ചെമ്മണ്ണൂരിനെ ഹൈക്കോടതി വിമർശിച്ചിരുന്നു. ഇതിന് പിന്നാലെ മാദ്ധ്യമങ്ങൾക്ക് നൽകിയ പ്രതികരണത്തിലാണ് ബോബി ചെമ്മണ്ണൂരിന്റെ വാക്കുകൾ. ജയിലിൽ നിന്ന് പുറത്തിറങ്ങാൻ വൈകിയത് കോടതിയോടുള്ള ധിക്കാരമല്ലെന്നും അങ്ങനെ ചെയ്തിട്ടില്ലെന്നും ബോബി ചെമ്മണ്ണൂർ പറഞ്ഞു. രാവിലെയാണ് റിലീസ് ഓർഡർ വന്നത്. സാങ്കേതിക പ്രശ്‌നമാണെന്നാണ് അറിഞ്ഞത്.
തന്നെ സ്വീകരിക്കാൻ വരേണ്ടെന്നും സന്തോഷകരമായി പിന്നെ കൂടാമെന്നും എല്ലാ ജില്ലകളിലെയും ബോച്ചെ ഫാൻസ് ചാരിറ്റബിൾ ട്രസ്റ്റ് കോഓർഡിനേറ്റർമാരെ അറിയിച്ചിരുന്നു. ജയിലിന് പുറത്ത് സ്വീകരിക്കാൻ വന്നത് ഫാൻസുകാരാണോയെന്ന് അറിയില്ലെന്നും ബോബി ചെമ്മണ്ണൂർ പ്രതികരിച്ചു. രാവിലെ മാദ്ധ്യമങ്ങളുടെ രണ്ട് ചോദ്യങ്ങൾക്കാണ് താൻ പ്രതികരിച്ചത്. നല്ല കാര്യങ്ങൾ പലതും ചെയ്യുന്നതുപോലെ ജാമ്യം കിട്ടാത്തവർക്ക് സാമ്പത്തിക സഹായം ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ട്. അതിന് വേണ്ടുന്ന ഒരു കോടി രൂപ ബോച്ചെ ഫാൻസ് ചാരിറ്റബിൾ ട്രസ്റ്റ് അനുവദിച്ചിട്ടുമുണ്ട്. ചെറിയ കേസുകളിലൊക്കെ പെട്ടിട്ടുള്ള ആളുകൾക്ക് നിയമസഹായമായി നൽകിയതാണ്. അവിടെ ചെന്നുപെട്ടപ്പോൾ അത് ചെയ്യണമെന്ന് തോന്നി. പക്ഷെ അതിന് വേണ്ടി കോടതിയെ ധിക്കരിച്ചിട്ടില്ല. ഒരിക്കലും അങ്ങനെ ചെയ്യുന്ന വ്യക്തിയല്ല അങ്ങേയറ്റം ബഹുമാനം മാത്രമാണ് കോടതിയോടെന്നും ബോച്ചെ പറഞ്ഞു.
ഇങ്ങനെ 26 പേരെ കണ്ടു. ജാമ്യം ലഭിച്ചിട്ടും 5000, 10000 രൂപയൊക്കെ കൊടുത്താൽ മോചനം ലഭിക്കുന്നവരാണ്. പക്ഷെ ജാമ്യത്തിന് ആളും പൈസയുമില്ലാതെ ജയിലിൽ തുടരുകയാണ്. അവരുടെ മോചനം അർഹിക്കുന്നതാണെന്ന് തോന്നി. അല്ലാതെ കോടതിയെ ധിക്കരിക്കാൻ താൻ ആളല്ലെന്നും ബോബി ചെമ്മണ്ണൂർ പറഞ്ഞു.
പൊതുപരിപാടികളിൽ ദ്വയാർത്ഥ പ്രയോഗത്തിലൂടെ പിന്തുടർന്ന് അപമാനിക്കുന്നുവെന്ന് കാട്ടി നടി ഹണി റോസ് നൽകിയ പരാതിയിലാണ് ബോബി ചെമ്മണ്ണൂരിനെ അറസ്റ്റ് ചെയ്തിരുന്നത്. ഇന്നലെയാണ് കോടതി ജാമ്യം നൽകിയത്.