കണ്ണൂർ: പിണറായിയിൽ ദേവസ്വം ഭൂമി കയ്യേറി റെസ്റ്റ് ഹൗസ് പണിയുന്നതിനെതിരെ പരാതിയുമായി ദേവസ്വം ഊരാളൻ രംഗത്ത്. കേളാലൂർ ദേവസ്വത്തിന് വേണ്ടി രണ്ടാം ഊരാളനായ അടിമന ഇല്ലത്ത് ദാമോദരൻ നമ്പൂതിരിയാണ് പരാതി നൽകിയത്. ജില്ലാ കളക്ടർക്കും പൊതുമരാമത്ത് കെട്ടിട ഉപവിഭാഗം വകുപ്പ് അസിസ്റ്റന്റ് എക് സിക്യൂട്ടീവ് എൻജിനിയർക്കുമാണ് പരാതി നൽകിയത്.
പിണറായി പാതിരിയാട് വില്ലേജിലാണ് കേളാലൂർ ദേവസ്വം വക 19 ഏക്കർ ഭൂമി സ്ഥിതി ചെയ്യുന്നത്. ഇതിൽ ഒരേക്കർ സ്ഥലത്താണ് പൊതുമരാമത്ത് വകുപ്പ് റെസ്റ്റ് ഹൗസ് പണിയുന്നത്. ഇതിന്റെ ആദ്യഘട്ട നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചു.
റവന്യൂ രേഖകളിലും പുരാവസ്തു വകുപ്പിന്റെ പക്കലുള്ള രേഖകളിലും ഇത് കേളാലൂർ ദേവസ്വം ഭൂമിയെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നിട്ടും ദേവസ്വം ബോർഡിൽ നിന്നോ ക്ഷേത്ര ഊരാളൻമാരിൽ നിന്നോ അനുമതി വാങ്ങാതെ പുറമ്പോക്ക് ഭൂമിയാണെന്ന് പറഞ്ഞാണ് പിഡബ്ല്യൂഡി നടപടിയുമായി മുന്നോട്ട് പോയത്.
കഴിഞ്ഞ സെപ്തംബർ മൂന്നിനാണ് മന്ത്രി മുഹമ്മദ് റിയാസ് റെസ്റ്റ് ഹൗസിന്റെ ശിലാസ്ഥാപനം നടത്തിയത്. പിണറായി ഇൻഡസ്ട്രിയൽ സൊസൈറ്റി 5 കോടി രൂപ മുതൽമുടക്കിലാണ് റെസ്റ്റ് ഹൗ് നിർമിക്കുന്നത്. ജോലികൾ നിർത്തിവെച്ചില്ലെങ്കിൽ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് ദാമോദരൻ നമ്പൂതിരി പറഞ്ഞു.