കലോത്സവ വേദികളിലെ കാണികളുടെ മുഖ്യ ആകർഷണമായ മത്സരയിനമാണ് സംഘഗാനം. ഒരേ ഈണത്തിലും താളത്തിലും ഒത്തൊരുമയോടെ പാടുമ്പോഴാണ് ഇവ കേട്ടിരിക്കൻ മനോഹരമാകുന്നത്. ശരിയായി പരിശീലിച്ച് വേദിയിലെത്തിയില്ലെങ്കിൽ ഒരു അപശ്രുതി മതി, സംഘത്തിന്റെ മുഴുവൻ പ്രകടനത്തെയും ബാധിക്കും. അതിനാൽ സംഘഗാനം അവതരിപ്പിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചോളു.
സാധാരണയായി 12 പേരടങ്ങുന്ന സംഘമാണ് സംഘഗാന മത്സരങ്ങളിൽ പങ്കെടുക്കുന്നത്. കൂടുതൽ പേരെ പങ്കെടുപ്പിക്കുന്നത് പാട്ടിന്റെ അവതരണത്തെ ബാധിക്കും. ഉദാഹരണത്തിന് നൂറുപേർ ചേർന്ന് ഒരു സംഘഗാനം പാടിയാൽ ഇത് കേൾക്കുന്നവർക്ക് അരോചകമായി തോന്നാം.
പാട്ടിന്റെ തെരഞ്ഞെടുപ്പിലാണ് കൂടുതൽ ശ്രദ്ധിക്കേണ്ടത്. കൂടുതലും ഭാഷ, സംസ്കാരം, ദേശ സ്നേഹം തുടങ്ങിയ വിഷയങ്ങളാണ് പാട്ടിന്റെ പ്രമേയങ്ങൾ. വ്യക്തികേന്ദ്രീകൃതമായി ചിട്ടപ്പെടുത്തിയ പാട്ടുകൾ പൊതുവെ കലോത്സവ വേദികളിൽ അവതരിപ്പിക്കാറില്ല.
ടീമിലെ അംഗങ്ങളെല്ലാം ഒരേ ഡ്രസ്സ് കോഡിലെത്തുന്നത് കാഴ്ചയ്‌ക്ക് കൂടുതൽ ഭംഗി നൽകും. എന്നാൽ ചുവപ്പ് പോലുള്ള തീഷ്‌ണ നിറങ്ങളിലുള്ള വസ്ത്രങ്ങൾ ഒഴിവാക്കുന്നത് നന്നായിരിക്കും. പകരം ലൈറ്റ് നിറങ്ങളിലുള്ള വസ്ത്രങ്ങൾ തെരഞ്ഞെടുക്കാം.
പാടുമ്പോൾ ശ്രുതി തെറ്റാതെ ഒരേ സമയത്ത് തുടങ്ങുവാനും അവസാനിപ്പിക്കുവാനും സംഘത്തിലുള്ളവർ ശ്രദ്ധിക്കണം. തുടക്കത്തിലെ പാളിച്ച മുഴുവൻ അവതരണത്തെയും ബാധിക്കും.
കോറസ് പാടുന്നവർ ഒരുമിച്ച് നിൽക്കാൻ ശ്രദ്ധിക്കണം. എങ്കിൽ മാത്രമേ ശബ്ദത്തിന്റെ ഏകീകരണം ഉണ്ടാവുകയുള്ളു. മൈക്കുകളുടെ സ്ഥാനം ഇത്തരത്തിൽ ക്രമീകരിക്കണം.
12 പേർ ചേർന്ന് ഒരുമിച്ച് പാടുമ്പോൾ വാക്കുകളുടെ സ്ഫുടത, ഉച്ചാരണ ശുദ്ധി, താളം എന്നിവ വിധികർത്താക്കൾ പ്രത്യേകം ശ്രദ്ധിക്കുന്ന കാര്യങ്ങളാണ്. അതിനാൽ ‘നാക്കുപിഴ’ വരാതെ ശ്രദ്ധിക്കണം.