വിജയ് ഹസാരെ ടൂർണമെന്റിൽ കേരള ടീം പ്രഖ്യാപിച്ചപ്പോൾ സഞ്ജുവിന്റെ പേരില്ലാത്തത് വലിയ ചർച്ചകൾക്ക് വഴിതെളിച്ചിരുന്നു. ചാമ്പ്യൻസ് ട്രോഫി ടീം പ്രഖ്യാപിക്കാനിരിക്കെ താരം വിജയ് ഹസാര കളിക്കാതിരിക്കുന്നതിൽ ചോദ്യങ്ങളുമുയർന്നു. അതേസമയം താരത്തിന് പരിക്കെന്ന ചില വാർത്തകളും പ്രചരിച്ചിരുന്നു. എന്നാൽ ഇതൊന്നും അല്ലെന്നാണ് പുറത്തുവരുന്ന വിവരം.
സഞ്ജു വിജയ് ഹസാരെയിൽ കളിക്കാൻ സജ്ജനാണെന്ന് അറിയിച്ച് കേരള ക്രിക്കറ്റ് അസോസിയേഷന് ഇമെയിൽ അയച്ചിരുന്നു. എന്നാൽ സഞ്ജുവിനെ ടീമിൽ നിന്ന് ഒഴിവാക്കുകയായിരുന്നു. ക്യാമ്പിൽ പങ്കെടുക്കാതിരുന്നതോടെ ഒഴിവാക്കിയെന്നായിരുന്നു വിശദീകരണം. എന്നാൽ യുവതാരങ്ങളെ പരിഗണിക്കാൻ വേണ്ടിയാണ് സഞ്ജുവിനെ ഒഴിവാക്കിയതെന്ന് പറയുകയാണ് കെ.സി.എ
വിജയ് ഹസാരെ ടൂർണമെൻ്റിൽ സഞ്ജു സാംസൺ കളിക്കാൻ തയാറായിരുന്നുവെന്ന് സ്ഥിരീകരിച്ച കെസിഎ സഞ്ജു ഇക്കാര്യം പറഞ്ഞപ്പോഴേക്കും ടീമിനെ പ്രഖ്യാപിച്ചിരുന്നതായും വ്യക്തമാക്കി. ടീം ക്യാമ്പിൽ പങ്കെടുക്കാൻ സാധിക്കില്ല എന്ന് നേരത്തെ അറിയിച്ചതിനാലാണ് സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്താതിരുന്നതെന്നും കെസിഎ സെക്രട്ടറി വിനോദ് കുമാർ ജനം ടിവിയോട് പറഞ്ഞു. സീനിയർ താരങ്ങളായ സഞ്ജുവും സച്ചിൻ ബേബിയും ഇല്ലാത്തതിനാൽ യുവ താരങ്ങളെ ടീമിൽ ഉൾപ്പെടുത്തുകയായിരുന്നു. പിന്നീട് പ്രഖ്യാപിച്ച ടീമിൽ മാറ്റം വരുത്തേണ്ട എന്ന തീരുമാനത്തിലേക്ക് കെസിഎ എത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.















