കൊച്ചി: ബോബി ചെമ്മണ്ണൂരിന്റെ നിരുപാധിക മാപ്പപേക്ഷ സ്വീകരിച്ച് ഹൈക്കോടതി. ജാമ്യം ലഭിച്ചിട്ടും ജയിലിൽ നിന്ന് പുറത്തിറങ്ങാതിരുന്നതുമായി ബന്ധപ്പെട്ട നടപടികൾ ഇതോടെ അവസാനിപ്പിച്ചതായും കോടതി വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട നടപടികൾ തുടരും. ഇന്നലെ കോടതിയിൽ നിന്നും ജാമ്യ ഉത്തരവിറക്കിയിട്ടും ജയിലിൽ തുടർന്ന ബോബി ചെമ്മണ്ണൂരിന്റെ നടപടിയിൽ കോടതി കടുത്ത വിമർശനം നടത്തിയിരുന്നു.
എന്നാൽ ജാമ്യ ഉത്തരവ് വൈകിട്ടും ജയിലിൽ എത്താഞ്ഞതിനെ തുടർന്നാണ് പുറത്തിറങ്ങാൻ വൈകിയതെന്ന് ബോബി ചെമ്മണ്ണൂർ കോടതിയെ അറിയിച്ചു. മെട്രോയുടെ പണി നടക്കുന്നതിനാൽ ട്രാഫിക് ബ്ലോക്ക് ഉണ്ടായിരുന്നു. ഇന്നലെ റിലീസിംഗ് ഉത്തരവ് അഭിഭാഷകന് ലഭിച്ചതേയുണ്ടായിരുന്നുള്ളൂ. കോടതിക്കുണ്ടായ വിഷമത്തിൽ മാപ്പ് പറയുന്നു, വാക്ക് കൊണ്ട് വേദനിപ്പിച്ചുണ്ടെങ്കിൽ താൻ ബോധപ്പൂർവ്വം ചെയ്തതല്ല, ക്ഷമിക്കണമെന്ന് അഭ്യർത്ഥിക്കുന്നു ബോബി ചെമ്മണ്ണൂർ അറിയിച്ചു.
കോടതിയെ ബഹുമാനിക്കുന്നു. നീതിന്യായ വ്യവസ്ഥയിൽ തനിക്ക് പൂർണ്ണ വിശ്വാസം. റോഡിൽ പടക്കം പൊട്ടിച്ചവരുമായി തനിക്ക് ബന്ധമില്ല. തന്റെ ആരാധകരുടെ ജോലി ചാരിറ്റി പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണെന്നും ബോബി ചെമ്മണ്ണൂർ പറഞ്ഞു. ഇന്നലെ ജാമ്യ ഉത്തരവിറക്കിയിട്ടും കാക്കനാട് ജില്ലാ ജയിലിൽ നിന്നും ബോബി ചെമ്മണ്ണൂർ പുറത്തിറങ്ങാഞ്ഞതാണ് കോടതിയെ പ്രകോപിപ്പിച്ചത്. ജാമ്യം ലഭിച്ചിട്ടും ജാമ്യത്തുകയില്ലാതെ ജയിലിൽ തുടരുന്ന തടവുകാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ജയിലിൽ തുടരുകയാണെന്നാണ് ഇന്നലെ പുറത്തുവന്ന വിവരം.
രാവിലെ കേസ് പരിഗണിച്ച ഹൈക്കോടതി സിംഗിൾ ബെഞ്ച് സംഭവത്തിൽ രൂക്ഷ വിമർശനം നടത്തിയിരുന്നു. ഇതിന് പിന്നാലെ ബോബി ചെമ്മണ്ണൂരിന്റെ മറുപടി കേൾക്കാനായി 1.45 ലേക്ക് കേസ് മാറ്റുകയായിരുന്നു. അപ്പോഴാണ് ബോബി ചെമ്മണ്ണൂർ സംഭവിച്ച കാര്യങ്ങൾ മനപ്പൂർവ്വമല്ലെന്നും കോടതിയെ ധിക്കരിക്കാൻ ഉദ്ദേശിച്ചില്ലെന്നും വ്യക്തമാക്കിയത്.