ഭാരതീയ സംസ്കാരത്തിലും പൈതൃകത്തിലും വിദേശരാജ്യങ്ങൾ അത്ഭുതം കൂറുന്നു. ഇന്ത്യ സന്ദർശിക്കാൻ താത്പര്യപ്പെടുന്നവർ നിരവധിയാണ്. 1974-ൽ ആപ്പിൾ സഹസ്ഥാപകൻ സ്റ്റീവ് ജോബ്സ് ഇന്ത്യ സന്ദർശിക്കണമെന്നും മഹാകുംഭമേളയിൽ പങ്കെടുക്കണമെന്നും ആഗ്രഹം പ്രകടിപ്പിച്ച് സുഹൃത്തിന് എഴുതിയ കത്ത് ലേലത്തിൽ വിറ്റുപോയത് കോടികണക്കിന് തുകയ്‌ക്കാണ്. സ്റ്റീവ് ജോബ്സിന്റെ ആഗ്രഹം സഫലമാക്കുന്നതിനായി ഭാര്യ ലോറീൻ പവൽ പ്രയാഗ്രാജിലെ കുംഭമേളയിൽ പങ്കെടുക്കുന്നുണ്ട്. ഇതിനിടയിലാണ് സ്റ്റീവ് ജോബ്സ് സ്വന്തം കൈപ്പടയിലെഴുതിയ കത്ത് സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്.
1974 ഫെബ്രുവരി 23-ന് സ്റ്റീവ് ജോബ്സ് തന്റെ 19-ാം വയസിൽ സുഹൃത്ത് ടിം ബ്രൗണിന് എഴുതിയ കത്ത് 5,00,312 ഡോളറിനാണ് (ഏകദേശം 4.32 കോടി രൂപ) വിറ്റുപോയത്. 51 വർഷം മുൻപ് എഴുതിയ കത്ത്, അന്താരാഷ്‌ട്ര ലേല സ്ഥാപനമായ ബോൺഹാംസാണ് ലേലം ചെയ്തത്. ജന്മദിനത്തിന് മുൻപായാണ് ബാല്യകാസ സുഹൃത്തിന് വൈകാരികമായ കത്ത് അയച്ചത്.
കത്തിന്റെ പൂർണരൂപം ഇങ്ങനെ..
“ടിം,
താങ്കളുടെ കത്ത് ഞാൻ പലതവണ വായിച്ചു. എന്ത് പറയണമെന്ന് എനിക്കറിയില്ല. പല പ്രഭാതങ്ങളും ആളുകളും കടന്നുപോയി. ഒരുപാട് തവണ ഞാൻ സ്നേഹിക്കപ്പെട്ടു, പലപ്പോഴും കരഞ്ഞിട്ടുണ്ട്. എന്തായാലും ചിലത് മാറുന്നില്ലെന്ന് നിനക്ക് മനസിലായോ?
ലോസ് ഗാറ്റോസിനും സാന്താക്രൂസിനും ഇടയിലുള്ള മലനിരകളിലെ ഒരു ഫാമിലാണ് ഞാനിപ്പോൾ താമസിക്കുന്നത്. ഏപ്രിലിൽ ആരംഭിക്കുന്ന കുംഭമേളയ്‌ക്ക് ഇന്ത്യയിലേക്ക് പോകാൻ ഞാൻ ആഗ്രഹിക്കുന്നു. ഞാൻ മാർച്ചിൽ പുറപ്പെടാമെന്നാണ് കരുതുന്നത്. നിനക്ക് ഒപ്പം വരാൻ ആഗ്രഹമുണ്ടെങ്കിൽ ഇവിടേക്ക് വരൂ.
നിങ്ങളുടെ കത്തിൽ നിന്ന് എനിക്ക് പൂർണ്ണമായി മനസ്സിലാകാത്ത നിങ്ങളുടെ ചിന്തകളും വികാരങ്ങളും എന്നോട് പറയാം. അപ്പുറത്തെ മുറിയിൽ തീയുണ്ട്, എനിക്ക് ഇവിടെ തണുക്കുന്നു. എവിടെ തുടങ്ങണമെന്ന് പോലും എനിക്കറിയില്ല എന്ന് പറഞ്ഞുകൊണ്ട് ഞാൻ അവസാനിപ്പിക്കും.
ശാന്തി
എന്ന് സ്റ്റീവ് ജോബ്സ്”
ഉത്തരാഖണ്ഡിലെ നീം കരോളി ബാബയുടെ ആശ്രമം സന്ദർശിക്കാൻ സ്റ്റീവ് ജോബ്സ് പദ്ധതിയിട്ടിരുന്നതായി കത്തിൽ പറയുന്നുണ്ട്. എന്നാൽ നിർഭാഗ്യവശാൽ നെെനിറ്റാളിലെത്തിയപ്പോഴാണ് ബാബ പോയ വർഷം മരിച്ചെന്ന വാർത്ത അദ്ദേഹം അറിയുന്നത്. തുടർന്ന് ജോബ്സ് കൈഞ്ചി ധാമിലെ കരോളി ബാബയുടെ ആശ്രമത്തിൽ താമസിച്ചു.
ഇന്ത്യയുടെ സംസ്കാരത്തോട് ഇഴുകി ചേർന്നാണ് അദ്ദേഹം ഏഴ് മാസത്തോളം കഴിഞ്ഞത്. തല മൊട്ടയടിച്ച്, കോട്ടൺ വസ്ത്രങ്ങൾ ധരിച്ചാണ് അദ്ദേഹം തിരികെ വീട്ടിലെത്തിയത്. ത്വക്കിന്റെ നിറത്തിൽ വരെ നിറവ്യത്യാസം അനുഭവപ്പെട്ടതായി അദ്ദേഹം പിന്നീട് പറഞ്ഞിട്ടുണ്ട്. കുംഭമേളയിൽ പങ്കെടുക്കണമെന്നതായിരുന്നു സ്റ്റീവ് ജോബ്സിന്റെ ഏറ്റവും വലിയ ആഗ്രഹം. പാൻക്രിയാറ്റിക് കാൻസറിനോട് മല്ലിടുന്നതിനിടെ 2011 ഒക്ടോബർ അഞ്ചിനാണ് അദ്ദേഹം വിട പറയുന്നത്. അദ്ദേഹത്തിന്റെ ആഗ്രഹം നിറവേറ്റുന്നതിനായാണ് ഭാര്യ മഹാകുംഭമേളയ്‌ക്കെത്തിയിരിക്കുന്നത്. കമല എന്ന ഹിന്ദുനാമം സ്വീകരിച്ച് ആത്മീയപാതയിലാണ് അവർ ഇപ്പോൾ.















