തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ, റിപ്പോർട്ടിംഗിനിടെ ദ്വയാർത്ഥ പ്രയോഗം നടത്തിയ സംഭവത്തിൽ റിപ്പോർട്ടർ ചാനലിനെതിരെ പൊലീസ് കേസെടുത്തു. പോക്സോ പ്രകാരം തിരുവനന്തപുരം കന്റോൺമെന്റ് പൊലീസാണ് കേസെടുത്തത്. റിപ്പോർട്ടർ ചാനലിലെ കൺസൾട്ടിംഗ് എഡിറ്റർ അരുൺ കുമാർ ഉൾപ്പെടെ രണ്ട് റിപ്പോർട്ടമാർക്കെതിരെയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ശിശുക്ഷേമ സമിതി ഡിജിപിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. അരുൺ കുമാറാണ് കേസിലെ ഒന്നാം പ്രതി. റിപ്പോർട്ടർ ഷഹബാസ് രണ്ടാം പ്രതിയും മറ്റൊരാൾ മൂന്നാം പ്രതിയുമാണ്.
കലോത്സവത്തിൽ പങ്കെടുത്ത ഒപ്പന സംഘത്തിലെ മണവാട്ടിയായി വേഷമിട്ട പെൺകുട്ടിയോട് റിപ്പോർട്ടർ ഷഹബാസ് നടത്തിയ സംഭാഷണം വലിയ വിവാദമായിരുന്നു. ഇതിന് ചുവടുപിടിച്ച് നടന്ന ചർച്ചയിലാണ് അരുൺ കുമാർ ദ്വയാർത്ഥ പ്രയോഗം നടത്തിയത്.
ഇതിന്റെ വീഡിയോ റീൽസായി സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചിരുന്നു. വിഷയത്തിൽ ബാലവകാശ കമ്മീഷൻ നേരത്തെ സ്വമേധയാ കേസെടുത്തിരുന്നു. ചാനലിൽ നിന്നും തിരുവനന്തപുരം ജില്ലാ പൊലീസ് മേധാവിയിൽ നിന്നും ബാലവകാശ കമ്മീഷൻ അടിയന്തര റിപ്പോർട്ട് തേടിയിരുന്നു.















