മുംബൈ: മോഷണശ്രമം തടയുന്നതിനിടെ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവത്തിൽ അന്വേഷണം ശക്തമാക്കി മുംബൈ പൊലീസ്. സെയ്ഫ് അലി ഖാന്റെ ബാന്ദ്രയിലെ വസതിയിൽ സ്നിഫർ നായക്കളെ എത്തിച്ച്, പരിശോധന നടത്തി. വീട്ടിലും പരിസരപ്രദേശങ്ങളിലും അന്വേഷണം നടന്നുവരികയാണ്.
വസതിക്കുള്ളിലെയും സമീപപ്രദേശങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ എത്തി പ്രാഥമിക അന്വേഷണം നടത്തി. പുലർച്ചെ മൂന്ന് മണിക്കായിരുന്നു സംഭവം. കുടുംബാംഗങ്ങളും സംഭവസമയത്ത് വീട്ടിലുണ്ടായിരുന്നു. കത്തിപോലുള്ള മൂർച്ചയേറിയ ആയുധം ഉപയോഗിച്ചാണ് സംഘം ആക്രമിച്ചത്.
സെയ്ഫിന്റെ ശരീരത്തിൽ ആറ് കുത്തേറ്റിട്ടുണ്ട്. അവയിൽ രണ്ടെണ്ണം ആഴത്തിലാണ്. കഴുത്തിലും നട്ടെല്ലിനും ഗുരുതരമായി പരിക്കേറ്റു. മുംബൈയിലെ ലീലാവതി ആശുപത്രിയിൽ ചികിത്സയിലാണ് സെയ്ഫ് അലി ഖാൻ. താരത്തെ ശസ്ത്രക്രിയയ്‌ക്ക് വിധേയമാക്കിയിട്ടുണ്ട്. അപകടനില തരണം ചെയ്തതായാണ് ലീലാവതി ആശുപത്രിയിലെ അധികൃതർ നൽകുന്ന വിവരം.
നിലവിൽ വിദഗ്ധ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ് സെയ്ഫ് അലി ഖാൻ. വീട്ടിലെ ജോലിക്കാരെയാണ് മോഷണസംഘം ആദ്യം ആക്രമിച്ചത്. ഈ സമയം കുടുംബം ഉറക്കത്തിലായിരുന്നു. ബഹളം കേട്ട് ഓടിയെത്തിയ സെയ്ഫ് അലി ഖാൻ ജീവനക്കാരനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് കുത്തേറ്റത്.