മുംബൈ: മോഷണശ്രമത്തിനിടെ നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവത്തിൽ പ്രതികളെ തിരിച്ചറിഞ്ഞതായി മുംബൈ പൊലീസ്. ഇന്ന് പുലർച്ചെ 2:30 ഓടെയാണ് ബോളിവുഡ് നടൻ സെയ്ഫ് അലിഖാന്റെ വസതിയിൽ അതിക്രമിച്ചുകയറിയ അജ്ഞാതർ താരത്തെ കുത്തി പരിക്കേല്പിച്ചത്. അക്രമികൾ വീട്ടിലേക്ക് കടന്നത് ഫയർ എസ്‌കേപ്പ് കോണിപ്പടികളിലൂടെയാണെന്ന് പൊലീസ് കണ്ടെത്തി.
മോഷണ ശ്രമത്തിനിടെയാണ് അക്രമമുണ്ടായത്. നടനെ കുത്തിപ്പരിക്കേല്പിച്ച ശേഷം അക്രമികൾ സംഭവ സ്ഥലത്തുനിന്നും രക്ഷപ്പെട്ടുവെന്നും മുംബൈ പൊലീസ് മാദ്ധ്യമങ്ങളോട് പറഞ്ഞു. എന്നാൽ ആക്രമണത്തിന് രണ്ട് മണിക്കൂർ മുമ്പുള്ള സിസിടിവി ദൃശ്യങ്ങളിൽ ആരും തന്നെ ഹൗസിംഗ് സൊസൈറ്റിയിലേക്ക് പ്രവേശിച്ചതായി കണ്ടെത്താനായിട്ടില്ല. നിലവിൽ പത്ത് ടീമുകളായി തിരിഞ്ഞാണ് അന്വേഷണം പുരോഗമിക്കുന്നത്.
അതേസമയം സെയ്ഫ് അലി ഖാന്റെ ഹൗസിംഗ് സൊസൈറ്റിയിൽ നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. ഇവിടെ ജോലിയിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികളെയും മുംബൈ പൊലീസ് ചോദ്യം ചെയ്തിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്കായി നടന്റെ സ്റ്റാഫുകളായി ജോലി ചെയ്യുന്ന അഞ്ചുപേരെയും ചോദ്യം ചെയ്ത് വരികയാണ്.
ആരും തന്നെ ഹൗസിങ് സൊസൈറ്റിക്ക് ഉള്ളിലേക്ക് പ്രവേശിക്കുന്നത് കണ്ടിട്ടില്ലെന്നാണ് അപ്പാർട്ട്മെന്റിലെ സെക്യൂരിറ്റി ഗാർഡിന്റെയും മൊഴി. സംഭവത്തിന് പിന്നാലെ മുംബൈ പൊലീസിന്റെ ഫോറൻസിക് സംഘം സ്ഥലത്തെത്തി തെളിവുകളെല്ലാം ശേഖരിച്ചതായി ഡിസിപി അറിയിച്ചു. ആക്രമണത്തിൽ സെയ്ഫിന് കഴുത്തിലും നട്ടെല്ലിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. നിലവിൽ മുംബൈയിലെ ലീലാവതി ആശുപത്രിയിൽ ചികിത്സയിലാണ് താരം.















