എറണാകുളം: ഓൺലൈൻ തട്ടിപ്പ് സംഘത്തിന്റെ കെണിയിൽ കുടുങ്ങി ഹൈക്കോടതി മുൻ ജസ്റ്റിസും. തൃപ്പൂണിത്തുറ സ്വദേശിയും റിട്ടയേർഡ് ജഡ്ജിയുമായ ശശിധരൻ നമ്പ്യാരിൽ നിന്നും 90 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. ഷെയർ മാർക്കറ്റിൽ വൻ ലാഭം വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്.
പരാതിയിൽ സൈബർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വാട്സാപ്പ്, മൊബൈൽ കോളുകൾ എന്നിവയിലൂടെ കഴിഞ്ഞമാസമാണ് തട്ടിപ്പ് സംഘം ശശിധരൻ നമ്പ്യാരെ ബന്ധപ്പെടുന്നത്. വിവിധ അക്കൗണ്ടുകൾ വഴി 90 ലക്ഷം രൂപ ജഡ്ജി ഇവർക്ക് അയച്ചു നൽകി. ഡിസംബർ നാലു മുതൽ 30 വരെയുള്ള കാലയളവിൽ ആയിരുന്നു ഇത്. ഷെയർ ട്രേഡിംഗിലൂടെ 850 ശതമാനം ലാഭം വാഗ്ദാനം ചെയ്തിരുന്നു.
വാഗ്ദാനം ചെയ്ത സമയപരിധി കഴിഞ്ഞിട്ടും യാതൊരു തുകയും തിരിച്ചു നൽകാതായതോടെയാണ് തട്ടിപ്പിനിരയായെന്ന് മനസിലാകുന്നത്. തുടർന്ന് ശശിധരൻ നമ്പ്യാർ പൊലീസിൽ പരാതി നൽകുകയായിരുന്നു. ജഡ്ജിയുടെ പരാതിയിൽ തൃപ്പൂണിത്തുറ ഹിൽ പാലസ് പൊലീസ് കേസെടുത്തു. കേസ് സൈബർ പൊലീസിന് കൈമാറി.















