ആസിഫ് അലി നായകനായി പുറത്തിറങ്ങിയ ചിത്രമാണ് രേഖാചിത്രം. സിനിമ റിലീസ് ചെയ്തതിന് ശേഷം ഒരു വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ ഏറെ വൈറലായിരുന്നു. ആസിഫ് അലി ജൂനിയർ ആർട്ടിസ്റ്റായ സുലേഖയെ ആശ്വസിപ്പിക്കുന്നതായിരുന്നു വീഡിയോ. രേഖാചിത്രത്തിൽ ഒരു സീനിൽ സുലേഖ അഭിനയിച്ചിരുന്നു. എന്നാൽ ഈ സീൻ എഡിറ്റിംഗിനിടെ കട്ട് ചെയ്തിരുന്നു. ഇത് സുലേഖയെ ഏറെ വിഷമിപ്പിച്ചു. സിനിമ കണ്ടിറങ്ങിയ ശേഷം സുലേഖയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
കുടുംബത്തോടൊപ്പമാണ് സുലേഖ ചിത്രം കാണാൻ എത്തിയത്. എന്നാൽ സുലേഖയുടെ സീൻ ഇല്ലെന്ന് അറിഞ്ഞപ്പോൾ എല്ലാവരും നിരാശരായി. ഇതറിഞ്ഞ് എത്തിയ ആസിഫ് അലി ‘സോറി ചേച്ചി’ എന്ന് പറഞ്ഞ് സുലേഖയെ ആശ്വസിപ്പിച്ചു. ഇത് സമൂഹമാദ്ധ്യമങ്ങളിൽ ഏറെ ശ്രദ്ധനേടിയിരുന്നു. കട്ട് ചെയ്ത സീൻ പുറത്തിറക്കുമെന്ന് ആസിഫ് അലി സുലേഖയ്‌ക്ക് വാക്ക് കൊടുത്തിരുന്നു. ഇപ്പോഴിതാ, കട്ട് ചെയ്ത സീൻ പുറത്തിറക്കിയിരിക്കുകയാണ് അണിയറപ്രവർത്തകർ.
ആസിഫ് അലിയുടെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് വീഡിയോ പങ്കുവച്ചത്. “ഇതാണ് സുലേഖ ചേച്ചിയുടെ ഡിലീറ്റായി പോയ സീൻ. സിനിമ ഇറങ്ങിയ ദിവസം തന്നെ ഞങ്ങൾ ചേച്ചിയോട് പറഞ്ഞിരുന്നു, ഈ സീൻ ചേച്ചിക്ക് വേണ്ടി ഞങ്ങൾ പുറത്തിറക്കുമെന്ന് ആ വാക്ക് പാലിക്കുന്നു”- എന്നാണ് ആസിഫ് അലി കുറിച്ചത്. ഒറ്റ ഡയലോഗും ഒറ്റ സീനും മാത്രമേ ഉള്ളൂവെങ്കിലും അതിഗംഭീരമായാണ് സുലേഖ അഭിനയിച്ചിരിക്കുന്നത്.
വീഡിയോ പുറത്തുവന്നതിന് പിന്നാലെ സുലേഖയെ പ്രശംസിച്ച് നിരവധി പേർ രംഗത്തെത്തി. ഇനിയും നല്ല അവസരങ്ങൾ കിട്ടട്ടെയെന്ന ആശംസകളും കമന്റ് ബോക്സിൽ നിറയുകയാണ്.















