അജിത് കുമാർ നായകനായി മകിഴ് തിരുമേനി സംവിധാനം ചെയ്ത വിടാമുയർച്ചിയുടെ ട്രെയിലർ റിലീസായി. ആരാധകരുടെ കാത്തിരിപ്പിന് വില നൽകുന്ന ചിത്രമാകുമെന്നാണ് ട്രെയിലർ നൽകുന്ന സൂചന. പക്ക ആക്ഷൻ മോഡിലുള്ള ചിത്രമായിരിക്കും വിടാമുയർച്ചി എന്ന് അടിവരയിടുന്നതാണ് ട്രെയിലർ. അജിത്തിന്റെ കാർ സ്റ്റണ്ടടക്കം ഉൾപ്പെടുത്തിയുള്ള ഒരു ട്രെയിലറിൽ നിരവധി ആക്ഷൻ രംഗങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.
ഫെബ്രുവരി ആറിനാകും ചിത്രം തിയേറ്ററിലെത്തുക. രണ്ടുമിനിട്ടും 20 സെക്കൻ്റുമാണ് ദൈർഘ്യം. അജിത്തിന്റെ നായികയായി തൃഷ വീണ്ടുമെത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഇരുവരും ഭാര്യാ-ഭർത്താക്കന്മാരായാണ് ചിത്രത്തിൽ എത്തുന്നതെന്നാണ് സൂചന.
രജീന കസാൻഡ്രിയ ആക്ഷൻ കിംഗ് അർജുൻ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ അന്യഭാഷ താരങ്ങളും അഭിനയിക്കുന്നുണ്ട്. അനിരുദ്ധ് രവിചന്ദറാണ് സംഗീതം പകർന്നിരിക്കുന്നത്. ലൈക്കയാണ് ചിത്രം നിർമിച്ചിരിക്കുന്നത്.