ദുബായ്: പ്രവാസികൾക്കു മാത്രമായി കണ്ണൂരിൽ വ്യവസായ പാർക്ക് തുടങ്ങുമെന്നു വ്യവസായ മന്ത്രി പി. രാജീവ്. 100 കോടി മുതൽ മുടക്കി സ്ഥലം ഏറ്റെടുക്കുന്ന നിക്ഷേപകർക്ക് 2 വർഷത്തെ മോറട്ടോറിയവും ലഭിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. അടുത്തമാസം കേരളത്തിൽ നടക്കുന്ന രാജ്യാന്തര നിക്ഷേപ സംഗമത്തിന്റെ ഭാഗമായ ദുബായിൽ സംഘടിപ്പിച്ച റോഡ് ഷോയിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
കേരളത്തിലേക്കു പ്രവാസികൾ അയയ്‌ക്കുന്ന പണം, വ്യവസായ മേഖലയിലേക്കു വഴിതിരിച്ചു വിടാൻ ലക്ഷ്യമിട്ടാണ് എൻആർഐ പാർക്ക് ആരംഭിക്കുന്നത്. കണ്ണൂരിൽ കിൻഫ്രയുടെ വ്യവസായ പാർക്കിലാകും പ്രവാസികൾക്കു വ്യവസായം തുടങ്ങാൻ സ്ഥലം അനുവദിക്കുക. 100 കോടി മുതൽ മുടക്കി സ്ഥലം ഏറ്റെടുക്കുന്ന നിക്ഷേപകർക്ക് 2 വർഷത്തെ മോറട്ടോറിയം ലഭിക്കും. ആകെ തുകയുടെ 10 ശതമാനം മാത്രം നൽകി സ്ഥലം ഏറ്റെടുക്കാം. അടുത്തമാസം കേരളത്തിൽ നടക്കുന്ന രാജ്യാന്തര നിക്ഷേപ സംഗമത്തിന്റെ ഭാഗമായ റോഡ് ഷോയിലാണ് മന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
കേരളത്തിലെ നിക്ഷേപ സംഗമത്തിൽ യുഎഇ നിക്ഷേപ മന്ത്രി മുഹമ്മദ് ഹസൻ അൽ സുവൈദിക്കു പുറമെ ധനമന്ത്രി അബ്ദുല്ല ബിൻ തൗഖ് അൽ മാർറിയും പങ്കെടുക്കും. യുഎഇയിലെ പ്രധാന വ്യവസായ സ്ഥാപനങ്ങളുടെ പ്രതിനിധികൾ ഉൾപ്പെടുന്ന സംഘവും ഇവർക്കൊപ്പമുണ്ടാകും .അബുദാബി ചേമ്പർ ഓഫ് കോമേഴ്‌സ് പ്രതിനിധികൾക്കൊപ്പം ഷാർജ, ദുബായ് ചേമ്പർ ഓഫ് കോമേഴ്‌സ് പ്രതിനിധികളും പങ്കെടുക്കും.
യുഎഇയിലെ ഇന്ത്യൻ സ്ഥാനപതി സഞ്ജയ് സുധീർ, പി.വി അബ്ദുൽ വഹാബ് എംപി, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി, ഐബിപിസി ചെയർമാൻ സിദ്ധാർഥ് ബാലചന്ദ്രൻ, ഡോ. ആസാദ് മൂപ്പൻ, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, കെഎസ്ഐഡിസി എംഡി എസ് ഹരികിഷോർ, ഓഫിസർ ഓൺ സ്പെഷൽ ഡ്യൂട്ടി ആനി ജൂല തോമസ്, പി. വിഷ്ണുരാജ്, തുടങ്ങിയവരും പരിപാടികളിൽ പങ്കെടുത്തു.