ന്യൂഡൽഹി: റിപ്പബ്ലിക് ദിന പരേഡിൽ വ്യോമസേനയുടെ കരുത്തന്മാർ ശക്തി അറിയിക്കും. 40 വിമാനങ്ങൾ ആകാശ പ്രദർശനത്തിൽ പങ്കെടുക്കും. 22 യുദ്ധവിമാനങ്ങൾ, 11 ട്രാൻസ്പോർട്ട് എയർക്രാഫ്റ്റുകൾ, 7 ഹെലികോപ്റ്ററുകൾ എന്നിവ ഫ്ലൈപാസ്റ്റിൽ കരുത്തറിയിക്കും.
റഫാൽ, Su-30 MKI സി-130 ജെ ഹെർക്കുലീസ് എന്നിവ ആകാശത്ത് വിസ്മയം തീർക്കും. ഡൽഹിയുടെ ആകാശത്ത് വിവിധ പാറ്റേണുകൾ സൃഷ്ടിക്കും. ഫ്ലൈപാസ്റ്റിനെ രണ്ട് ഭാഗങ്ങളായി തിരിച്ചിട്ടുണ്ടെന്ന് വിംഗ് കമാൻഡർ മനീഷ് ശർമ പറഞ്ഞു. രണ്ടാം ഭാഗത്തായിരിക്കും സങ്കീർണമായ പ്രദർശനങ്ങളും വൈദഗ്ധ്യം പ്രകടിപ്പിക്കുന്ന പ്രകടനങ്ങളും സേന നടത്തുകയെന്നും അദ്ദേഹം പറഞ്ഞു.
ദേശീയ യുദ്ധസ്മാരകത്തിൽ നിന്ന് റിപ്പബ്ലിക് ദിനാഘോഷങ്ങൾ ആരംഭിക്കും. തുടർന്ന് ഇന്ത്യൻ വ്യോമസേനയുടെ മാർച്ചിംഗ് സംഘം മാർച്ച് ചെയ്യും. ഉദ്യോഗസ്ഥരടക്കം 148 പേരും 72 സംഗീതജ്ഞർ അടങ്ങുന്ന ഐഎഎഫ് ബാൻഡും ചേർന്നതാണ് വ്യോമസേനയുടെ മാർച്ചിംഗ് സംഘം. 128 സംഗീതജ്ഞർ ചേർന്ന് അവതരിപ്പിക്കുന്ന ബീറ്റിംഗ് റിട്രീറ്റ് ചടങ്ങിൽ വ്യോമസേനയും പങ്കെടുക്കും. ഇത്തവണ അഗ്നിവീറുകളുടെ പങ്കാളിത്തവുമുണ്ടാകും.
തദ്ദേശീയമായി വികസിപ്പിച്ച ധ്രുവ്, തേജസ് യുദ്ധവിമാനങ്ങൾ ഇത്തവണ റിപ്പബ്ലിക് ദിന പരേഡിന്റെ ഭാഗമാകില്ലെന്നും വ്യോമസേന അറിയിച്ചിട്ടുണ്ട്. ഗുജറാത്തിലെ അപകടമുഖത്താണ് ALH ധ്രുവ്. സിംഗിൾ എഞ്ചിൻ കോൺഫിഗറേഷൻ കാരണമാണ് തേജസ് പട്ടികയിൽ നിന്നും പുറത്തായത്. എന്നിരുന്നാലും മുൻ വർഷങ്ങളിൽ തേജസ് യുദ്ധവിമാനം റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുത്തിരുന്നു.