ന്യൂഡൽഹി: നാവിക കരുത്ത് വർദ്ധിപ്പിക്കാൻ പ്രതിരോധ മന്ത്രാലയം. ഇസ്രായേലിന്റെ സഹകരണത്തോടെ വികസിപ്പിച്ച മീഡിയം-റേഞ്ച് സർഫസ്-ടു-എയർ മിസൈലുകൾ (MR- SAM) നിർമിക്കാൻ കരാർ. ഭാരത് ഡയനാമിക്സ് ലിമിറ്റഡുമായി (BDL) 2,960 കോടി രൂപയുടെ കരാറിലാണ് ഒപ്പുവച്ചത്. 70 മിസൈലുകളാകും BDL തദ്ദേശീയമായി നിർമിച്ച് നൽകുക.
ഒന്നിലേറെ MR- SAM-കൾ യുദ്ധക്കപ്പലുകളിൽ ഉപയോഗിക്കുന്നുണ്ട്. നാവികസേന ഏറ്റെടുക്കാൻ പദ്ധതിയിട്ടിരിക്കുന്ന പ്ലാറ്റ്‌ഫോമുകളിലും മിസൈലുകൾ സജ്ജമാക്കാനാണ് പദ്ധതി. കര,നാവിക, വ്യോമ സേനകളിൽ MR- SAM മിസൈലുകൾ ഉപയോഗിച്ചുവരുന്നു. വർഷങ്ങൾക്ക് മുൻപ് ഇസ്രായേൽ എയ്‌റോസ്‌പേസ് ഇൻഡസ്ട്രീസുമായി 30,000 കോടി രൂപയിലധികം രൂപയുടെ കരാറിൽ ഒപ്പുവച്ചിരുന്നു. ഇത് പ്രകാരമാണ് വിവിധ സേനകൾക്ക് മിസൈൽ ലഭ്യമാക്കിയത്.
70 കിലോമീറ്റർ പരിധിയിൽ സുരക്ഷയൊരുക്കാൻ ഈ മിസൈലുകൾക്ക് സാധിക്കും. വിമാനങ്ങൾ, ഹെലികോപ്റ്ററുകൾ, ക്രൂയിസ് മിസൈലുകൾ, ഡ്രോണുകൾ ഉൾപ്പടെയുള്ളവ നശിപ്പിക്കാൻ MR-SAM മിസൈലുകൾക്ക് സാധിക്കും. ഐഎൻഎസ് വിക്രാന്ത്, ഐഎൻഎസ് സൂറത്ത് എന്നിവയിൽ ഉൾപ്പടെ ഇവ വിന്യസിച്ചിട്ടുണ്ട്.















