കോട്ടയം: ഒൻപതാം ക്ലാസ് വിദ്യാർത്ഥിയുടെ നഗ്ന ദൃശ്യങ്ങൾ സഹപാഠികൾ പ്രചരിപ്പിച്ചെന്ന് പരാതി. പാലാ സെന്റ് തോമസ് സ്കൂളിലാണ് സംഭവം. ക്ലാസിലെ മറ്റുവിദ്യാർത്ഥികൾ ചേർന്ന് വസ്ത്രമൂരി മാറ്റി ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിക്കുകയായിരുന്നു. വിദ്യാർത്ഥിയുടെ അച്ഛൻ പാലാ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.
കഴിഞ്ഞ ദിവസം സ്കൂളിൽ വച്ചായിരുന്നു സംഭവം. ക്ലാസിലെ മറ്റ് വിദ്യാർഥികൾ ചേർന്നാണ് അതിക്രമം. നിർബന്ധിച്ച് വിദ്യാർത്ഥിയുടെ വസ്ത്രങ്ങൾ അഴിച്ചുമാറ്റുകയും നഗ്ന ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിക്കുകയുമായിരുന്നു. വാട്ട്സ് ആപ്പ് ഉൾപ്പെടെയുള്ള സമൂഹമദ്ധ്യമങ്ങളിൽ വീഡിയോ വ്യാപകമായി പങ്കുവയ്‌ക്കപ്പെട്ടു.
വീഡിയോ കാണാനിടയായ കുട്ടിയുടെ മാതാപിതാക്കളാണ് പൊലീസിൽ പരാതി നൽകിയത്. പ്രതികളെല്ലാം പ്രായപൂർത്തിയാകാത്തവരാണ്. അതിനാൽ റാഗിംഗ് അടക്കമുള്ള കുറ്റങ്ങൾ ഇവർക്കതിരെ നിലനിൽക്കുമോ എന്ന കാര്യങ്ങളിൽ പൊലീസ് വ്യക്തത തേടിയിട്ടുണ്ട്. സംഭവത്തിൽ ശിശുക്ഷേമ സമിതിയെയും വിവരമറിയിച്ചിട്ടുണ്ട്. കൂടുതൽ സമഗ്രമായ അന്വേഷണത്തിന് ശേഷമാകും തുടർനടപടികൾ സ്വീകരിക്കുകയെന്ന് പൊലീസ് പറഞ്ഞു.