പത്തനംതിട്ട: പൊട്ടിവീണ് കിടന്ന വൈദ്യുതി കമ്പിയിൽ നിന്നും വൈദ്യുതാഘാതമേറ്റു ശബരിമല തീർത്ഥാടകൻ മരിച്ച സംഭവത്തിൽ കെഎസ് ഇ ബി ജീവനക്കാർക്കെതിരെ നരഹത്യയ്ക്ക് കേസെടുക്കണം എന്നാവശ്യപ്പെട്ട് അയ്യപ്പ സേവാ സംഘം.
പത്തനംതിട്ട വടശ്ശേരിക്കരയിലായിരുന്നു സംഭവം. തമിഴ്നാട് കൃഷ്ണഗിരി സ്വദേശി നാഗരാജു രാജപ്പൻ (54) ആണ് മരിച്ചത്. ശബരിമല ദർശനം കഴിഞ്ഞ് നാട്ടിലേക്കുള്ള യാത്രയിൽ വാഹനം നിർത്തി മൂത്രമൊഴിക്കവേയായിരുന്നു അപകടം.
വടശ്ശേരിക്കര പാലത്തിന് സമീപം വൈദ്യതി പോസ്റ്റിൽ നിന്നും റോഡരുകിലേക്ക് വീണ് കിടന്നിരുന്ന വയറിൽ നിന്നുമാണ് നാഗരാജു രാജപ്പന് ഷോക്കേറ്റത്. ചൊവ്വാഴ്ച രാത്രി 11ന് വടശ്ശേരിക്കര പാലത്തിനു സമീപമായിരുന്നു സംഭവം. കെഎസ് ഇ ബി ജീവനക്കാരെത്തി വൈദ്യുതി ബന്ധം വിച്ചേദിച്ച് തീർത്ഥാടകനെ ആശുപ്രതിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
കെഎസ്ഇബിയുടെ അനുമതിയില്ലാതെ ആരോ വൈദ്യുതി പോസ്റ്റിൽ നിന്നും വയർ വലിച്ചതാണെന്നും തീർത്ഥാടകൻ ഷോക്കേറ്റ് മരിച്ചതിൽ കെഎസ്ഇബിക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്നുമാണ് കെഎസ് ഇ ബി അധികൃതർ പറയുന്നത്. ഈ വിഷയത്തിൽ റാന്നി പെരുനാട് പൊലീസ് സ്റ്റേഷനിൽ കെഎസ് ഇ ബി പരാതി നൽകി.















