ബോളിവുഡ് താരം സെയ്ഫ് അലി ഖാനെതിരെ നടന്ന ആക്രമണത്തിന്റെ ഞെട്ടലിലാണ് മുംബൈ. അതിസമ്പന്നർ മാത്രം താമസിക്കുന്ന ബാന്ദ്ര മേഖലയിൽ അക്രമി എത്തിയത് ബോളിവുഡിനെ അക്ഷരാർത്ഥത്തിൽ ആശങ്കയിലാഴ്‌ത്തി. ലീലാവതി ആശുപത്രിയിലെ ഐസിയുവിൽ കഴിയുന്ന താരം അപകടനില തരണം ചെയ്തതായാണ് റിപ്പോർട്ട്. എന്നാൽ അന്വേഷണവുമായി ബന്ധപ്പെട്ട് താരത്തിന്റെ വസതിയിലെത്തിയ എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് ദയാ നായകിനെ ചുറ്റപ്പറ്റിയാണ് സോഷ്യൽ മീഡിയയിൽ ചർച്ച പുരോഗമിക്കുന്നത്. ടീ ഷർട്ടും ജീൻസും ധരിച്ച് നിൽക്കുന്ന ദയാ നായക് ഇതിനോടകം വൈറലാണ്. അദ്ദേഹത്തിന്റെ ജീൻസ് പോക്കറ്റിൽ ഒരു തോക്കും കാണാം.
1990- 2000 കാലത്ത് മുംബൈ അധോലോകത്തെ വിറപ്പിച്ച പേരാണ് ദയാ നായക്. ഛോട്ടാ രാജൻ, ദാവൂദ് ഇബ്രാഹിം സംഘങ്ങളുടെ നേർക്കും വെടിയുണ്ടകൾ നീണ്ടതോടെയാണ് അദ്ദേഹത്തിന്റെ പേര് കൂടുതലായും മുംബൈ കേട്ട് തുടങ്ങിയത്. 87-ലധികം പേരെ നായക് വധിച്ചതായാണ് റിപ്പോർട്ടുകൾ.
കർണാടക ഉഡുപ്പി സ്വദേശികളായ ബദ്ദയുടെയും രാധാ നായക്കിന്റെയും ഇളയ മകനാണ് ദയാ നായക്. വീട്ടിലെ ബുദ്ധിമുട്ടുകൾ മൂലം ഏഴാം ക്ലാസിൽ പഠനം അവസാനിപ്പിച്ച് ജോലി തേടി മുംബൈയ്‌ക്ക് വണ്ടികയറി. ഹോട്ടലിൽ ജോലി ചെയ്ത കാലത്താണ് വീണ്ടും പഠനത്തിലേക്ക് തിരിഞ്ഞത്. അങ്ങനെ ഗോരേഗാവിലെ ഒരു മുനിസിപ്പൽ സ്കൂളിൽ നിന്ന് 12-ാം ക്ലാസ് പൂർത്തി. തുടർന്ന് അന്ധേരിയിലെ സിഇഎസ് കോളേജിൽ നിന്ന് ബിരുദവും പൂർത്തിയാക്കി.
കോളേജ് പഠനത്തിന് ശേഷം പ്ലംബർ അപ്രൻ്റീസായി ജോലി ചെയ്യുന്നതിനിടെ നാർക്കോട്ടിക് ഡിപ്പാർട്ട്‌മെൻ്റിലെ പൊലീസ് ഉദ്യോഗസ്ഥരെ കണ്ടുമുട്ടിയതൊടെയാണ് പൊലീസ് മോഹം ഉദിക്കുന്നത്. ഒടുവിൽ, 1995-ൽ, പൊലീസ് അക്കാദമിയിൽ നിന്ന് ബിരുദം നേടിയ അദ്ദേഹം ജുഹു പൊലീസ് സ്റ്റേഷനിൽ സബ് ഇൻസ്‌പെക്ടറായി നിയമിതനായി. ഛോട്ടാ രാജനും ദാവൂദ് ഇബ്രാഹിം അടക്കമുള്ള അധോലോക നായകൻമാർ നഗരം അടക്കി വാഴുന്ന കാലമായിരുന്നു അത്. 1996ൽ ഛോട്ടാ രാജൻ സംഘത്തിലെ രണ്ട് പേരെ വെടിവെച്ച് വീഴ്‌ത്തിയാണ് ഏറ്റുമുട്ടലിന് തുടക്കം കുറിച്ചത്.
ദയയുടെ എൻകൗണ്ടർ ജീവിതത്തെ അടിസ്ഥാനമാക്കി നിരവധി ബോളിവുഡ് സിനിമകൾ പുറത്തിറങ്ങിയിട്ടുണ്ട്. 2004 പുറത്തിറങ്ങിയ നാന പടേക്കർ നായകനായ അബ് തക് ഛപ്പൻ, 2007 ൽ റിസ്ക്, 2012ൽ രാം ഗോപാൽ വർമ്മ സംവിധാനം ചെയ്ത ഡിപ്പാർട്ട്‌മെൻ്റ് എന്നിവ ഇതിൽ ചിലതാണ്.