മുംബൈ: ബോളിവുഡ് നടൻ സെയ്ഫ് അലി ഖാന്റെ വീട്ടിനകത്ത് കടന്ന മോഷ്ടാവിനെ ആദ്യം കണ്ടത് മലയാളിയായ ജീവനക്കാരി ഏലിയാമ്മ. സെയ്ഫ് അലി ഖാന്റെയും കരീന കപൂറിന്റെയും ഇളയ മകൻ ജെഹാംഗീറിന്റെ മുറിയിലാണ് മോഷ്ടാവ് ആദ്യം എത്തിയത്. ജെഹാംഗീറിന്റെ ആയയാണ് ഏലിയാമ്മ ഫിലിപ്പ് എന്ന ലിമ. മോഷ്ടാവിനെ തടയാൻ ശ്രമിച്ചപ്പോൾ ബ്ലേഡ് ഉപയോഗിച്ച് ആക്രമിച്ചുവെന്ന് ഏലിയാമ്മ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.
കഴിഞ്ഞ നാല് വർഷമായി സെയ്ഫ് അലി ഖാന്റെ മക്കളെ നോക്കുന്ന പരിചാരകയാണ് ഏലിയാമ്മ. മോഷ്ടാവ് 1 കോടി രൂപ ആവശ്യപ്പെട്ട വിവരം ഏലിയാമ്മ അന്വേഷണ സംഘത്തോട് പറഞ്ഞിരുന്നു. “ജെഹാംഗീറിന്റെ മുറിയിലെ ബാത്റൂമിന്റെ വാതിൽ തുറന്നുകിടക്കുന്നത് കണ്ടാണ് അകത്തേക്ക് പോയത്. കരീനയാണെന്നാണ് ആദ്യം കരുതിയത്. പിന്നീട് സംശയം തോന്നി. പെട്ടെന്ന് ഒരാൾ പുറത്തേക്ക് വന്നു. ആക്രമിക്കാൻ ശ്രമിച്ചു. ഒരു കോടി രൂപ ചോദിച്ചു. തടയാൻ ശ്രമിക്കുന്നതിനിടെ ബ്ലേഡ് പോലുള്ള മൂർച്ചയേറിയ വസ്തു ഉപയോഗിച്ച് ആക്രമിച്ചുവെന്നും” ഏലിയാമ്മ പറഞ്ഞു.
ശബ്ദം കേട്ട് എത്തിയ മറ്റൊരു ജോലിക്കാരിയായ ജുനുവാണ് സെയ്ഫ് അലി ഖാനെ വിവരം അറിയിച്ചത്. സെയ്ഫ് അലി ഖാൻ എത്തിയതോടെ മോഷ്ടാവ് നടനെതിരെ തിരിഞ്ഞു. ഈ സമയത്താണ് സെയ്ഫിന് കുത്തേൽക്കുന്നത്. ഇതിനിടെ മറ്റൊരു ജീവനക്കാരിയുടെ സഹായത്തോടെ അക്രമിയെ മുറിയിൽ പൂട്ടിയിട്ടു. പൊലീസിനെ വിവരമറിയിച്ചെങ്കിലും പ്രതി രക്ഷപ്പെടുകയായിരുന്നു.
മോഷ്ടാവിനെ മുംബൈ പൊലീസ് പിടികൂടിയിരുന്നു. 20 സംഘങ്ങളായി തിരിഞ്ഞ് മുംബൈയിലും സമീപ പ്രദേശങ്ങളിലും നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.















