വിവാഹശേഷം മകളും ഭർത്താവും ആദ്യമായി വിരുന്ന് വരുമ്പോൾ ഗംഭീര സ്വീകരണം നൽകുന്നത് നമ്മുടെ നാട്ടിൽ സാധാരണമാണ്. ഓണത്തിനും വിഷുവിനും ഇത് പോലെ ഗംഭീര സദ്യ ഒരുക്കാറുണ്ട്. എന്നാൽ ആന്ധ്രയിൽ നടന്ന വിരുന്നിന്റെ വിശേഷം കേട്ട് ഞെട്ടിയിരിക്കുകയാണ് സോഷ്യൽ മീഡിയ.
ജർമ്മനിയിൽ ജോലി ചെയ്യുന്ന മരുമകന് 630 വിഭവങ്ങൾ ചേർന്ന സദ്യയാണ് കുടുംബം ഒരുക്കിയത് . കോണസീമ ജില്ലയിലെ അല്ലവാരം സ്വദേശികളായ ജംഗ ബുജ്ജിയും ഭാര്യ വാസവിയുമാണ് ഭക്ഷണമുണ്ടാക്കി മത്സരിച്ചത്. യുവദമ്പതികളുടെ ആദ്യ സംക്രാന്തിയായിരുന്നു ഇത്.
പരമ്പരാഗത ലഘുഭക്ഷണങ്ങൾ, നോൺ-വെജിറ്റേറിയൻ വിഭവങ്ങൾ, ജ്യൂസുകൾ, സ്വീറ്റസുകൾ, പുഡ്ഡിംഗുകൾ അടക്കം സംസ്ഥാനത്ത് കിട്ടുന്ന മുഴുവൻ വിഭവങ്ങളും അവർ തീൻമേശയിലെത്തിച്ചു. കൂടാതെ പടക്കം പൊട്ടിച്ചും നൃത്തം ചെയ്തു ചടങ്ങ് ഉഷാറാക്കുകയും ചെയ്തു.
പുതുച്ചേരിയിലെ യാനത്തിലും സമാനമായ ഒരു വിരുന്ന നടന്നു. മജെതി സത്യഭാസ്‌കറും ഭാര്യ ഹരിന്യയും 470 വിഭവങ്ങളാണ് മരുമകനായി തയ്യാറാക്കിയത്. വെജിറ്റേറിയൻ വിഭവങ്ങൾ, പേസ്ട്രികൾ, മധുരപലഹാരങ്ങൾ, പഴങ്ങൾ, ഡ്രൈ ഫ്രൂട്ട്‌സ്, ശീതളപാനീയങ്ങൾ എന്നിവയാണ് സംക്രാന്തിക്ക് വേണ്ടി ഒരുക്കിയത്. എല്ലാം വിഭവങ്ങളളും ചെറിയ കപ്പുകളിലാക്കി നിരത്തി വെച്ചിരിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ ഹിറ്റാണ്. ഇത് അൽപ്പം കടന്നുപോയെന്നാണ് നെറ്റിസൺസിന്റെ പ്രതികരണം.