പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിയുമായി ലൈംഗിക ബന്ധം പുലർത്തുകയും ഗർഭിണായാവുകയും ചെയ്ത അദ്ധ്യാപികയെ അറസ്റ്റ് ചെയ്തു. ന്യൂജേഴ്സി എലമെന്ററി സ്കൂളിലെ അഞ്ചാം ഗ്രേഡ് ടീച്ചർ ലോറ കാരോൺ ആണ് പിടിയിലായത്. വിദ്യാർത്ഥിക്ക് 11 വയസുള്ളപ്പോൾ മുതലാണ് ഇവർ ലൈംഗിക പീഡനം ആരംഭിക്കുന്നത്. വിദ്യാർത്ഥിക്ക് 13 വയസായപ്പോൾ ലോറൻ ഗർഭിണിയുമായി.
2016 മുതൽ 2020 വരെ വിദ്യാർത്ഥിയും അദ്ധ്യാപികയും ഒരുമിച്ചായിരുന്നു താമസിച്ചിരുന്നത്. അഞ്ചാം ക്ലാസിൽ ഇരയെയും സഹോദരിയെയും പഠിപ്പിക്കുമ്പോഴാണ് അവർ കുട്ടിയെ ആദ്യമായി കാണുന്നത്. കുട്ടിയുടെ കുടുംബം ടീച്ചറുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു. കുട്ടിയുടെ മാതാപിതാക്കൾക്ക് സംശയങ്ങളൊന്നുമില്ലാതിരുന്നതിനാൽ മകനെ ടീച്ചറിനൊപ്പം താമസിക്കാൻ അനുവദിക്കുകയായിരുന്നു. ഈ സമയത്താണ് ഇവർ കുട്ടിയെ ലൈംഗിക വേഴ്ചയ്‌ക്ക് ഇരയാക്കുന്നത്. കുട്ടിയിൽ നിന്ന് ഗർഭിണിയായ അദ്ധ്യാപിക 2019ൽ ഒരു കുഞ്ഞിന് ജന്മവും നൽകി. അപ്പോൾ അവർക്ക് 28 വയസും കുട്ടിക്ക് 13മായിരുന്നു പ്രായം.
കാരോണിന്റെ ഒരു ഫെയ്സ്ബുക്ക് പോസ്റ്റ് കണ്ട 13-കാരന്റെ പിതാവ് ആ കുഞ്ഞിനും തന്റെ മകനുമുള്ള രൂപസാദൃശ്യം തിരിച്ചറിഞ്ഞ് ചോദ്യം ചെയ്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്. കുട്ടിയുടെ സഹോദരിയും ഇവർ തമ്മിലുള്ള ബന്ധത്തെക്കുറിച്ച് വെളിപ്പെടുത്തി. ഇരയ്‌ക്ക് ഇപ്പോൾ 18 വയസുണ്ട്. മുൻ ടീച്ചറുമായി തനിക്കുണ്ടായിരുന്ന ലൈംഗിക ബന്ധത്തെക്കുറിച്ച് ഇര സമ്മതിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം വരെ യുവതിയുമായി ബന്ധമുണ്ടായിരുന്നതായും 18-കാരൻ പറഞ്ഞു.