ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ യുവതാരം റിങ്കു സിംഗ് വിവാഹിതനാകുന്നു. താരത്തിന്റെ വിവാഹനിശ്ചയം നടന്നുവെന്നാണ് സൂചന. ലോക്സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ എംപിയും സുപ്രീം കോടതി അഭിഭാഷകയുമായ പ്രിയ സരോജ് ആണ് വധുവെന്നാണ് വിവരം. സ്വകാര്യ ചടങ്ങിലായിരുന്നു ഇവരുടെ വിവാഹനിശ്ചയമെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇംഗ്ലണ്ടിനെതിരെയുള്ള ടി20 പരമ്പരയിലെ ഇന്ത്യൻ സ്ക്വാഡിൽ ഇടംപിടിച്ച താരം ഉടനെ ടീമിനൊപ്പം ചേരും. ജനുവരി 22ന് കൊൽക്കത്തയിലാണ് ആദ്യ മത്സരം. ഐപിഎല്ലിൽ കൊൽക്കത്ത നിലനിർത്തിയ താരങ്ങളിൽ ഒരാളുമാണ് റിങ്കു.
ഡൽഹി യൂണിവേഴ്സിറ്റിയിൽ നിന്ന് പഠനം പൂർത്തിയാക്കിയ പ്രിയ സരോജ് 25-ാം വയസിലാണ് എംപിയായത്. മച്ലിഷഹർ മണ്ഡലത്തിൽ നിന്ന് ബിജെപി സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തിയാണ് സമാജ് വാദി പാർട്ടി അംഗമായ സരോജ് വിജയിച്ചത്. സരോജിന്റെ അച്ഛൻ തൂഫാനി സരോജും രാഷ്‌ട്രീയത്തിൽ സജീവമാണ്. മൂന്ന് തവണ (1999, 2004, 2009) മച്ലിഷഹർ ലോക്‌സഭാ സീറ്റിൽ നിന്ന് എംപിയായിട്ടുണ്ട്.