ഹൈദരാബാദ്: അമ്യൂസ്മെന്റ് പാർക്കിൽ ഒരു റൈഡിലെ ബാറ്ററി തകരാറിലായത് മൂലം വിനോദസഞ്ചാരികൾ കുടുങ്ങിയത് അരമണിക്കൂറോളം. ഹൈദരാബാദിലെ നുമൈഷ് എക്സിബിഷൻ അമ്യൂസ്മെന്റ് പാർക്കിലാണ് സംഭവം. റൈഡിന്റെ പ്രവർത്തനം നിലച്ചതോടെ നിരവധി വിനോദസഞ്ചാരികളാണ് അരമണിക്കൂറോളം തലകീഴായി കിടന്നത്.
റൈഡിന്റെ ബാറ്ററി തകരാറ് മൂലമാണ് നിന്നുപോയതെന്നാണ് അമ്യൂസ്മെന്റ് പാർക്കിലെ ജീവനക്കാർ പറയുന്നത്. സാങ്കേതിക വിദഗ്ധർ എത്തി ബാറ്ററി പെട്ടെന്ന് മാറ്റിയെങ്കിലും ആളുകളെ തിരിച്ചറിക്കാൻ ഏറെ ബുദ്ധിമുട്ടിയിരുന്നു. റൈഡിന്റെ പ്രവർത്തനം പൂർവ്വസ്ഥിതിയിലാക്കിയ ശേഷമാണ് ആളുകളെ പുറത്തെത്തിച്ചത്.
ആളുകൾ തലകീഴായി കുടങ്ങിക്കിടക്കുന്ന വീഡിയോ സോഷ്യൽമീഡിയയിലൂടെ പുറത്തുവന്നിട്ടുണ്ട്. ഞെട്ടിക്കുന്ന വീഡിയോ പുറത്തുവന്നതിന് പിന്നാലെ അമ്യൂസ്മെന്റ് പാർക്കിലെ സുരക്ഷാവീഴ്ചയെ വിമർശിച്ച് നിരവധി പേർ രംഗത്തെത്തി. ഒരു വ്യക്തി 25 മിനിറ്റോളം തലകീഴായി കിടക്കുന്നത് ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് ചിലർ വിമർശിച്ചു.
അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. റൈഡ് തലകീഴായി നിൽക്കുന്നതും, ആളുകൾ ആശങ്കപ്പെടുന്നതും വീഡിയോയിൽ കാണാം. ബാറ്ററി കൊണ്ടുവന്ന് ഇട്ടതിന് ശേഷം വീണ്ടും റൈഡ് പ്രവർത്തിക്കുന്നതും വീഡിയോയിലുണ്ട്. റൈഡിൽ കയറുന്നതിന് വേണ്ടി ആളുകളിൽ നിന്ന് ഈടാക്കിയ പണം തിരികെ നൽകിയിട്ടുണ്ട്.















