റായ്പൂർ: ഛത്തീസ്ഗഢ് സുക്മയിൽ കഴിഞ്ഞ ദിവസം നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. സുരക്ഷാസേന വധിച്ച 12 പേരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്. ഛത്തീസ്ഗഢ് പൊലീസും അതിർത്തി സുരക്ഷാസേനയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. സ്ഥലത്ത് നിന്ന് വൻ ആയുധശേഖരവും കണ്ടെത്തിതയായി ബസ്തർ ഐജി പി സുന്ദർരാജ് അറിയിച്ചു.
അഞ്ച് സ്ത്രീകളുടേത് ഉൾപ്പെടെ 12 മാവോയിസ്റ്റുകളുടെ മൃതദേഹമാണ് കണ്ടെത്തിയത്. ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തിട്ടുണ്ട്. രാത്രി ഒമ്പത് മണിയോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. സ്ഥലത്ത് മാവോയിസ്റ്റുകൾ തമ്പടിച്ചിട്ടുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് പരിശോധന നടത്തിയത്. പ്രദേശത്ത് തെരച്ചിൽ തുടരുകയാണെന്നും മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.
ബസഗുഡ പൊലീസ് സ്റ്റേഷന് പരിസരത്ത് മാവോയിസ്റ്റ് സംഘം സ്ഥാപിച്ച ഐഇഡി പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ രണ്ട് ജവാന്മാർ ചികിത്സയിൽ തുടരുകയാണ്. പരിക്കേറ്റ ജവാന്മാർ അപകടനില തരണം ചെയ്തായും ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നും ഛത്തീസ്ഗഡ് ഉപമുഖ്യമന്ത്രി വിജയ് ശർമ അറിയിച്ചു. ഒരാൾക്ക് കാലിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മറ്റൊരാൾക്ക് കണ്ണിനാണ് പരിക്ക്. ഇരുവരും തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. അവർ കുടുംബവുമായി സംസാരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം രാവിലെയാണ് ഐഇഡി പൊട്ടിത്തെറിച്ചത്. പ്രദേശത്ത് തെരച്ചിൽ നടത്തുന്നതിനിടെയാണ് സ്ഫോടനമുണ്ടായത്. ഓപ്പറേഷനിൽ ബിജാപൂരിലെ നാഷണൽ പാർക്ക് ഏരിയയ്‌ക്ക് സമീപമുള്ള വനമേഖലകളിൽ നിന്ന് വൻ ആയുധശേഖരവും കണ്ടെടുത്തിരുന്നു.