ടെൽ അവീവ്: ഒരുവർഷത്തിലേറെയായി നീണ്ടുനിൽക്കുന്ന യുദ്ധത്തിന് അന്ത്യംകുറിച്ചുള്ള വെടിനിർത്തൽ കരാറിന് അംഗീകാരം നൽകി ഇസ്രായേൽ സർക്കാർ. ജനുവരി 19 (നാളെ) മുതൽ കരാർ പ്രാബല്യത്തിൽ വരും. ഹമാസിൽ നിന്നും ബന്ധികളെയും തടവുകാരെയും മോചിപ്പിക്കാൻ മൂന്ന് ഘട്ടങ്ങളായി നടപ്പിലാക്കാനുദ്ദേശിക്കുന്ന കരാറിനാണ് ഇസ്രായേൽ മന്ത്രിസഭ അംഗീകാരം നൽകിയത്.
ആറ് ആഴ്ചത്തെ വെടിനിർത്തലാണ് ആദ്യഘട്ടത്തിൽ പ്രാബല്യത്തിൽ വരുന്നത്. ആറ് മണിക്കൂറോളം നീണ്ട ചർച്ചകൾക്കൊടുവിലാണ് ഇസ്രായേൽ സർക്കാർ കരാറിന് അംഗീകാരം നൽകിയത്. നെതന്യാഹുവിന്റെ മന്ത്രിസഭയിലെ 24 അംഗങ്ങൾ വെടിനിർത്തലിനെ പിന്തുണച്ചു. രണ്ട് റൗണ്ട് അംഗീകാരം ആവശ്യമുള്ള കരാറിന് ഇസ്രായേലി സുരക്ഷാ കാബിനറ്റ് വെള്ളിയാഴ്ച അംഗീകാരം നൽകിയിരുന്നു.
വെടിനിർത്തൽ കരാർ പ്രകാരം ഹമാസ് 33 ഇസ്രായേലി ബന്ദികളെ മോചിപ്പിക്കും. ഖത്തറിന്റെയും യുഎസിന്റെയും മധ്യസ്ഥതയിലായിരുന്നു ഹമാസും ഇസ്രായേലും സന്ധി ഉടമ്പടിയിലെത്തിയത്. 2023 ഒക്‌ടോബർ 7-ന് ഇസ്രയേലിലേക്ക് നുഴഞ്ഞുകയറിയ ഹമാസ് ഭീകരർ 1,200 ഓളം പേരെ കൊല്ലുകയും 250 ഓളം പേരെ ബന്ദികളാക്കി തട്ടികൊണ്ടുപോവുകയും ചെയ്തിരുന്നു. ഇതാണ് 15 മാസം നീണ്ടുനിന്ന ഇസ്രായേൽ-ഹമാസ് യുദ്ധത്തിലേക്ക് നയിച്ചത്.















