ന്യൂഡൽഹി: അർഹരായ ഗ്രാമീണ ഗുണഭോക്താക്കൾക്ക് പട്ടയങ്ങൾ വിതരണം ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്രമോദി. ഏകദേശം 135 ലക്ഷം കോടി വിപണി മൂല്യമുള്ള ഭൂമിയുടെ 65 ലക്ഷം പട്ടയങ്ങളാണ് വിതരണം ചെയ്യുന്നത്. SVAMITVA പദ്ധതി വഴി നൽകുന്ന ഈ ഉടമസ്ഥാവകാശ രേഖകൾ ബാങ്കുകളിൽ നിന്നും വായ്പകൾ ലഭിക്കുന്നതിനും സ്വത്തുക്കളുമായി ബന്ധപ്പെട്ട തർക്കങ്ങൾ പരിഹരിക്കുന്നതിനും ഗുണഭോക്താക്കളെ സഹായിക്കുമെന്ന് അധികൃതർ പറഞ്ഞു.
ഗ്രാമീണ ഇന്ത്യയുടെ സാമ്പത്തിക പുരോഗതി വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രധാനമന്ത്രി SVAMITVA പദ്ധതി ആരംഭിച്ചത്. പഞ്ചായത്തീരാജ് വകുപ്പിന്റെ കീഴിലുള്ള ഈ പദ്ധതി പ്രകാരമാണ് പട്ടയങ്ങൾ വിതരണം ചെയ്യുന്നത്. 10 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 230 ജില്ലകളിലുള്ള 50,000 ഗ്രാമങ്ങളിലെ ഭൂവുടമകൾക്കാണ് പട്ടയം വിതരണം ചെയ്യുന്നത്. ഇന്ന് ഉച്ചയ്‌ക്ക് 12.30ന് വീഡിയോ കോൺഫറൻസിങ് വഴിനടക്കുന്ന ചടങ്ങിലാണ് വിതരണം.
പദ്ധതിയുടെ ഭാഗമായി ഇതുവരെ 3.17 ലക്ഷത്തിലധികം ഗ്രാമങ്ങളിൽ ഡ്രോൺ സർവേകൾ പൂർത്തിയായിട്ടുണ്ട്. ഇത് ആകെ ലക്ഷ്യമിട്ട പ്രദേശങ്ങളുടെ 92 ശതമാനമാണ്. പുതുച്ചേരി, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, ത്രിപുര, ഗോവ, ഉത്തരാഖണ്ഡ്, ഹരിയാന എന്നിവിടങ്ങളിൽ പദ്ധതി പൂർണമായി നടപ്പാക്കിക്കഴിഞ്ഞു. കൂടാതെ, മധ്യപ്രദേശ്, ഉത്തർപ്രദേശ്, ഛത്തീസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങളിലും നിരവധി കേന്ദ്രഭരണ പ്രദേശങ്ങളിലും ഡ്രോൺ സർവേകൾ പൂർത്തിയായിട്ടുണ്ട്.















