കൊൽക്കത്ത: വരാനിരിക്കുന്ന 48-ാമത് അന്താരാഷ്‌ട്ര കൊൽക്കത്ത പുസ്തകമേളയിൽ വിശ്വഹിന്ദു പരിഷത്തിന്റെ (വിഎച്ച്പി) ബുക്ക് സ്റ്റാൾ സ്ഥാപിക്കാൻ അനുമതി നൽകാതിരുന്ന സംഘടകർക്കെതിരെ ഹൈക്കോടതി. പബ്ലിഷേഴ്സ് ആൻഡ് ബുക്ക് സെല്ലേഴ്സ് ഗിൽഡിനെയാണ് കൊൽക്കത്ത ഹൈക്കോടതി രൂക്ഷമായ ഭാഷയിൽ വിമർശിച്ചത്.
മേളയിൽ ബുക്ക് സ്റ്റാൾ സ്ഥാപിക്കാൻ വിഎച്ച്പിക്ക് സ്ഥലം നൽകണമെന്ന് ഉത്തരവിട്ട ജസ്റ്റിസ് അമൃത സിൻഹ ഈ വർഷം അത് ചെയ്യാത്തത് എന്തുകൊണ്ടാണെന്നും സംഘാടകരോട് ചോദിച്ചു.
പുസ്തകമേളയിൽ ബുക്ക് സ്റ്റാൾ സ്ഥാപിക്കാൻ സംഘാടകരോട് വിഎച്ച്പി അനുമതി തേടിയിരുന്നു. എന്നാൽ, ഈ വർഷം ചട്ടങ്ങളിൽ മാറ്റം വരുത്തിയതിനാൽ നടപടിക്രമങ്ങൾ കൃത്യമായി പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി സംഘാടകർ അനുമതി നൽകിയില്ല. വിഎച്ച്പി ‘സെൻസിറ്റീവ്’ പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്നുണ്ടെന്നും സംഘടനയ്‌ക്ക് ഒരു പ്രസിദ്ധീകരണശാലയില്ലെന്നും ഗിൽഡിന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. എന്നാൽ വിശ്വഹിന്ദു ബാർട്ട തങ്ങളുടെ സംഘടനയാണെന്നും 2011 മുതൽ പുസ്തകമേളയിൽ സ്റ്റാളുകൾ നടത്തിയിരുന്നുവെന്നും വിഎച്ച്പിയുടെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി.
പുസ്തകമേളയുടെ നടത്തിപ്പിൽ ഇഷ്ടാനുസരണം നിയമങ്ങളുണ്ടാക്കാൻ സംഘാടകർക്ക് ആരാണ് അധികാരം നൽകിയതെന്ന് കോടതി ചോദിച്ചു. മേളയിൽ ബുക്ക് സ്റ്റാൾ സ്ഥാപിക്കാൻ വിഎച്ച്പിക്ക് സ്ഥലം നൽകണമെന്ന് ഉത്തരവിട്ട കോടതി ജനുവരി 20 ന് കേസ് വീണ്ടും പരിഗണിക്കുമെന്നും അറിയിച്ചു. ഏഷ്യയിലെ ഏറ്റവും വലിയ സാഹിത്യ മേളയായ പുസ്തകമേള ജനുവരി 28 മുതൽ ഫെബ്രുവരി 9 വരെയാണ് നടക്കുന്നത്.















