എറണാകുളം: അധിക്ഷേപ പരാമർശം നടത്തിയെന്ന നടി ഹണി റോസിന്റെ പരാതിയിൽ രാഹുൽ ഈശ്വറിനെതിരെ കേസെടുക്കാൻ കഴിയില്ലെന്ന് പൊലീസ്. നിലവിലെ പരാതിയിൽ കേസെടുക്കാൻ വകുപ്പുകളില്ലെന്നും ഹണി റോസ് കോടതി വഴി പരാതി നൽകണമെന്നും കൊച്ചി പൊലീസ് അറിയിച്ചു. രാഹുൽ ഈശ്വർ പ്രതിയല്ലെന്ന് കാണിച്ച് പൊലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു.
രാഹുൽ ഈശ്വറിന്റെ ജാമ്യാപേക്ഷയിൽ ഹൈക്കോടതി പൊലീസിനോട് റിപ്പാേർട്ട് തേടിയിരുന്നു. ഹർജി ഫയലിൽ സ്വീകരിച്ച കോടതി ഈ മാസം 27-ന് ജാമ്യാപേക്ഷ പരിഗണിക്കുന്നതിനായി മാറ്റി.
ചാനൽ പരിപാടിയിലൂടെയും സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകളിലൂടെയും രാഹുൽ ഈശ്വർ അധിക്ഷേപിച്ചുവെന്നാണ് ഹണി റോസിന്റെ പരാതി. എറണാകുളം സെൻട്രൽ പൊലീസിനാണ് ഹണി റോസ് പരാതി നൽകിയത്.
ദ്വയാർത്ഥപ്രയോഗ ആരോപണത്തിൽ വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ ഹണി റോസിന്റെ പരാതിയിൽ കേസെടുത്തതിന് പിന്നാലെയാണ് രാഹുൽ ഈശ്വറിന്റെ അധിക്ഷേപ പരാമർശം. ഇതിന് പിന്നാലെ ഹണി റോസിനെതിരെ സോഷ്യൽമീഡിയയിൽ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു. തുടർന്നാണ് രാഹുലിനെതിരെ താരം പരാതി നൽകിയത്.















