കോഴിക്കോട്: മുസ്ലീം സ്ത്രീകളുടെ വ്യായാമത്തിൽ സമസ്ത കാന്തപുരം വിഭാഗം മുന്നോട്ട് വെച്ച നിബന്ധനയ്‌ക്കെതിരെ റിട്ട. ജസ്റ്റിസ് കെമാല്‍ പാഷ. കുറെ കടൽക്കിഴവൻമാർ ഓരോ അഭിപ്രായങ്ങള്‍ വിളിച്ച് പറയും, അവരൊന്നും ഇന്നത്തെ കാലത്തെക്കുറിച്ച് ചിന്തിച്ചിട്ടല്ല പറയുന്നത്. ഇത്തരം കാര്യങ്ങളൊക്കെ പുറത്ത് പറയുന്നത് നാണക്കേടല്ലേ. മുസ്ലീം സമുദായത്തിന് തന്നെ ആക്ഷേപമുണ്ടാകുന്ന തരത്തിൽ താലിബാൻ മോഡലിലേക്കാണ് ഇവർ പോകുന്നത്. ഇവൻമാർ ആരാ ഇതൊക്കെ പറയാൻ. ഇവിടെ ജനാധിപത്യമാണ് അല്ലാതെ മതാധിപത്യമല്ല. ഇത്തരം കാര്യങ്ങൾ ആര് പറഞ്ഞാലും അംഗീകരിക്കാൻ കഴയില്ലെന്നും കെമാൽ പാഷ പ്രതികരിച്ചു.
സമസ്ത കാന്തപുരം വിഭാഗത്തിന്റെ മുശ്ശാവറ യോഗമാണ് സ്ത്രീകളുടെ വ്യായാമത്തിൽ നിബന്ധന വെച്ചിരിക്കുന്നത്. അന്യപുരുഷൻമാരും സ്ത്രീകളും ഇടകലർന്ന് അഭ്യാസം നടത്തുന്നത് മതവിരുദ്ധമാണ്. വിശ്വാസ വിരുദ്ധമായ ഗാനങ്ങളും ക്ലാസുകളും സംഘടിപ്പിക്കുന്നത് അംഗീകരിക്കാൻ ആകില്ല. വ്യായാമത്തിന്റെ പേരിൽ ആയാലും സ്ത്രീകളും പുരുഷൻമാരും ഇടകലരാൻ പാടില്ല. തുടങ്ങി വിചിത്രമായ നിർദ്ദേശങ്ങളാണ് ഇവർ മുന്നോട്ട് വെച്ചിരിക്കുന്നത്.
വിവാദമായ മെക് 7 ൻ വ്യായാമ കൂട്ട്മയ്‌ക്കെതിരെയാണ് വിമർശനമെങ്കിലും ഇത് മുസ്ലീം സ്ത്രീകളുടെ പൊതു പങ്കാളിത്തത്തിനുള്ള മതപരമായ കടിഞ്ഞാൺ കൂടിയാവുകയാണ്.















