മുംബൈ: മോഷണശ്രമം തടയുന്നതിനിടെ പരിക്കേറ്റ സെയ്ഫ് അലി ഖാൻ ഒറ്റയ്‌ക്കാണ് അക്രമിയെ നേരിട്ടതെന്ന് ഭാര്യ കരീന കപൂർ. ഇളയ മകനെ ആക്രമിക്കാൻ പ്രതി ശ്രമിച്ചിരുന്നുവെന്നും വീട്ടിൽ നിന്ന് യാതൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്നും കരീന കപൂർ പൊലീസിനോട് പറഞ്ഞു.
“ഇളയ മകൻ ജെഹാംഗീറിന്റെ മുറിയിലാണ് അക്രമി കയറിയത്. ജോലിക്കാരിയാണ് മോഷ്ടാവിനെ ആദ്യം കണ്ടത്. അവർ പെട്ടെന്ന് അലാറം ഓണാക്കിയിരുന്നു. മകനെ ആക്രമിക്കാൻ പ്രതി ശ്രമിച്ചു. ഒരുപാട് പേടിച്ചു. ജീവനക്കാരിയെ ആക്രമിക്കാൻ ശ്രമിക്കുന്നതിനിടെയാണ് സെയ്ഫ് വന്നതെന്ന് ജീവനക്കാരി പറഞ്ഞിരുന്നു”.
“പെട്ടെന്ന് തന്നെ കുട്ടികളെയും ജോലിക്കാരെയും 12-ാമത്തെ നിലയിലേക്ക് മാറ്റി. ആ സമായത്ത് ഒറ്റയ്‌ക്കാണ് സെയ്ഫ് അക്രമിയെ നേരിട്ടത്. പക്ഷേ, വീട്ടിൽ നിന്ന് ഒന്നും നഷ്ടമായില്ല. മുറിയിൽ വച്ചിരുന്ന ആഭരണങ്ങളൊന്നും മോഷ്ടാവ് എടുത്തിട്ടില്ല. സഹോദരി കരിഷ്മ കപൂർ എത്തിയാണ് തന്നെയും മക്കളെയും വീട്ടിലേക്ക് കൊണ്ടുപോയതെന്നും” കരീന പൊലിസിനോട് പറഞ്ഞു.
പ്രതിയെ കണ്ടെത്തുന്നതിനുള്ള അന്വേഷണം തുടരുന്നതിനിടെ ബാന്ദ്രയിലെ ഒരു മൊബൈൽ കടയിൽ നിന്നുള്ള പ്രതിയുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. പൊലീസ് ദൃശ്യങ്ങൾ ശേഖരിച്ചിട്ടുണ്ട്. മൊബൈൽ കടയിലെ ജീവനക്കാരിൽ നിന്ന് മൊഴിയെടുത്തു.















