പ്രയാഗ്‌രാജ്: മഹാകുംഭമേളയിൽ പങ്കെടുക്കാൻ ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിലെത്തിയ ആപ്പിൾ സഹസ്ഥാപകൻ സ്റ്റീവ് ജോബ്‌സിന്റെ ഭാര്യ ലോറീൻ പാവൽ ജോബ്സ് സനാതന ധർമത്തിൽ ചേരാനും ആചാരങ്ങൾ പഠിക്കാനും ആഗ്രഹം പ്രകടിപ്പിച്ചതായി അവരുടെ ഗുരുവും ആത്മീയ നേതാവുമായ സ്വാമി കൈലാസാനന്ദ ഗിരി.
ഹൈന്ദവ മൂല്യങ്ങൾ ലോറീനെ ആഴത്തിൽ സ്വാധീനിച്ചുവെന്നും തന്റെ നിർദേശപ്രകാരം ‘കമല’ എന്ന ഹിന്ദുനാമം സ്വീകരിച്ചതായും കൈലാസനന്ദ ഗിരി പറഞ്ഞു. “ജനുവരി 14-ന് മകരസംക്രാന്തി ദിനത്തിൽ രാത്രി 10.10-ന് ഞങ്ങൾ അവർക്ക് ദീക്ഷ നൽകി. സാധാരണ ഭക്തരെപ്പോലെ അവൾ നാല് ദിവസം ശിവിരിൽ താമസിച്ചു.രണ്ട് വലിയ വിമാനങ്ങളിലായി 50 ഓളം പേഴ്‌സണൽ സ്റ്റാഫുകളാണ് അവരോടൊപ്പം വന്നത്. അവർ ശുദ്ധ സസ്യഭുക്കാണ്. ഉള്ളിയോ വെളുത്തുള്ളിയോ കഴിക്കില്ല,”സ്വാമി പറഞ്ഞു.
ജനുവരി 12 നാണ് ലോറീൻ കുംഭമേളയിൽ പങ്കെടുക്കാനായി പ്രയാഗ്‌രാജിലെത്തിയത്. വാരാണസിയിലെ കാശി വിശ്വനാഥ ക്ഷേത്രത്തിൽ ദർശനം നടത്തിയ അവർ മഹാകുംഭമേളയുടെ വിജയകരമായ നടത്തിപ്പിനായി പ്രാർത്ഥിക്കുകയും കാശി വിശ്വനാഥന് ജലാഭിഷേകം നടത്തുകയും ചെയ്തു. 61-കാരിയായ ലോറീൻ വരുന്ന മൂന്നാഴ്ച ഉത്തർപ്രദേശിലുണ്ടാകും. നിരഞ്ജനി അഖാരയുടെ കൈലാസനാന്ദ ഗിരി മഹാരാജിന്റെ കഥകൾ കേൾക്കുകയും കൽപവസ് പ്രകാരം പത്ത് ദിവസം ദിനചര്യകൾ പിന്തുടരുകയും ചെയ്യും.















