കരിയർ ബ്രേക്ക് എടുക്കുന്നവരിലേറെയും സ്ത്രീകളാകും. വിവാഹവും പ്രസവവുമൊക്കെയാകും ഇതിന് പിന്നിലെ കാരണങ്ങൾ. ഇങ്ങനെ വീട്ടിലിരിക്കുന്ന നിരവധി പേരാണ് തിരികെ ജോലിയിൽ പ്രവേശിക്കാൻ ആഗ്രഹിക്കുന്നത്. നീണ്ട വർഷത്തെ പ്രവൃത്തി പരിചയമുണ്ടെങ്കിലും പലയിടത്തും അത്തരക്കാരെ സ്വീകരിക്കാൻ കമ്പനികൾ തയ്യാറായില്ലെന്ന് വരാം. എന്നാൽ തിരികെ ജോലിയിൽ പ്രവേശിക്കാൻ ആഗ്രഹിക്കുന്നവർക്ക് കൈത്താങ്ങാവുകയാണ് മഹീന്ദ്ര ഗ്രൂപ്പ്.
വൈകാതെ തന്നെ ‘സെക്കൻഡ് കരിയർ’ പ്രോഗ്രാം ആരംഭിക്കുമെന്ന് കമ്പനി അറിയിച്ചു. സീംലെസ് ഓപ്പർച്യൂണിറ്റി ഫോർ അമേസിംഗ് റിട്ടേൺഷിപ്പ് (SOAR) എന്ന പദ്ധതിയാണ് ആവിഷ്കരിക്കുക. ഏതെങ്കിലും സ്ഥാപനങ്ങളിലായി അഞ്ച് വർഷത്തെ പ്രവൃത്തി പരിചയമുള്ള, കരിയറിൽ ആറ് മാസം മുതൽ മൂന്ന് വർഷം വരെ ഇടവേള എടുത്ത സ്ത്രീകൾക്കാണ് മഹീന്ദ്ര തൊഴിലവസരം നൽകുന്നതെന്ന് ഹ്യുമൻ റിസോഴ്സ് പ്രസിഡൻ്റ് റുസ്ബെ ഇറാനി പറഞ്ഞു.
ഒരു ഇടവേളയ്‌ക്ക് ശേഷം കരിയറിൽ തിരിച്ച് വരാൻ ആഗ്രഹിക്കുന്നവരെ പിന്തുണയ്‌ക്കുകയാണ് ലക്ഷ്യം. സ്ത്രീകളുടെ കഴിവിനെ പരിപോഷിപ്പിക്കുകയാണ് പദ്ധതിയിലൂടെയെന്നും എക്സിക്യൂട്ടീവ് മെമ്പർ കൂടിയായ റുസ്ബെ ഇറാനി കൂട്ടിച്ചേർത്തു.
രാജ്യത്തെ സ്ത്രീകളിൽ നല്ലൊരു ശതമാനം പേരും വിവാഹത്തിന് ശേഷം ജോലി വിടുന്നവരാണ്. കുടുംബ പ്രാരാബ്ദവും കുട്ടികളുമാണ് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. ഇടവേളയ്‌ക്ക് ശേഷമെത്തുന്നവരെ പിന്തുണയ്‌ക്കുന്ന കമ്പനികളുടെ എണ്ണത്തിലും വർദ്ധന രേഖപ്പെടുത്തിയിട്ടുണ്ട്. ഇതും പ്രതീക്ഷയേകുന്നു. 2016-ൽ 30 ശതമാനം കമ്പനികളിൽ മാത്രമായിരുന്നു സെക്കൻഡ് കരിയർ പ്രോഗ്രാം ഉണ്ടായിരുന്നത്. എന്നാൽ ഇന്ന് 84 ശതമാനം കമ്പനികളിലും സ്ത്രീകൾക്കായി സെക്കൻഡ് കരിയർ പ്രോഗ്രാം അവതരിപ്പിക്കുന്നുണ്ട്.















