ന്യൂഡൽഹി: രാജ്യത്തെ ഗ്രാമങ്ങൾ പുരോഗതിയുടെ പാതയിലാണെന്നും കഴിഞ്ഞ 7-8 വർഷത്തിനിടയിൽ ഭൂരേഖകളിൽ 98 ശതമാനവും ഡിജിറ്റൈസ് ചെയ്തതായും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡിജിറ്റൽ ഇന്ത്യ എന്ന ദർശനത്തിന് കരുത്ത് പകരനായി സ്വാമിത്വ (SVAMITVA) പദ്ധതിക്ക് കീഴിൽ 65 ലക്ഷം പ്രോപ്പർട്ടി കാർഡുകൾ വിതരണം ചെയ്തു.
10 സംസ്ഥാനങ്ങളിലെയും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും 230-ലധികം ജില്ലകളിലെ 50,000 ഗ്രാമങ്ങളിലെ ആളുകൾക്കാണ് വീഡിയോ കോൺഫറൻസിംഗ് വഴി പ്രധാനമന്ത്രി ഉടമസ്ഥാവകാശം തെളിയിക്കുന്ന കാർഡുകൾ നൽകിയത്. ഇന്ത്യയുടെ ആത്മാവ് നിലകൊള്ളുന്നത് ഗ്രാമങ്ങളിലാണെന്ന് ഗാന്ധിജി പറഞ്ഞിട്ടുള്ളത്. ആ ആത്മാവിനെ സംരക്ഷിക്കാനുള്ള കേന്ദ്രത്തിന്റെ പ്രതിബദ്ധതയാണ് പദ്ധതിയെന്നും കഴിഞ്ഞ ദശകത്തിൽ നടപ്പിലാക്കാൻ സാധിച്ചെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഗ്രാമീണർക്കും കർഷകർക്കും ഗുണം ചെയ്യുന്ന പ്രഖ്യാപനങ്ങളോടെയാണ് രാജ്യം 2025-നെ വരവേറ്റത്. പ്രധാനമന്ത്രി ഫസൽ ബീമ യോജന തുടരാൻ തീരുമാനിച്ചു. ഇതിനൊപ്പം തന്നെ കർഷകർക്ക് പ്രയോജനപ്പെടുന്ന വിധത്തിൽ ഡിഎപി വളം സംബന്ധിച്ചും സുപ്രധാന പ്രഖ്യാപനമുണ്ടാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഗ്രാമീണരുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്ന് ലക്ഷ്യമിട്ടാണ് കേന്ദ്ര സർക്കാർ SVAMITVA പദ്ധതി ആരംഭിച്ചത്. അഞ്ച് വർഷം മുൻപാണ് വിപ്ലവകരമായ പദ്ധതി പിറവിയെടുക്കുന്നത്. ഇതോടെ രാജ്യത്ത് 2.2 കോടി പ്രോപ്പർട്ടി കാർഡുകളാണ് സ്വാമിത്വ പദ്ധതി പ്രകാരം വിതരണം ചെയ്തത്.
സ്വത്ത് വീതം വയ്‌ക്കൽ പോലുള്ള നടപടികൾ സുഗമമാക്കുന്നതിനും ബാങ്ക് ലോണുകൾ എളുപ്പത്തിൽ ലഭിക്കുന്നതിനും പദ്ധതി ഗുണകരമാകും. നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് ഗ്രാമപ്രദേശങ്ങളിൽ ഡ്രോൺ സർവേ നടത്തി പ്രോപ്പർട്ടി കാർഡ് ലഭ്യമാക്കുന്നതാണ് പദ്ധതി. ഇതുവഴി കൃത്യമായി ഒരോരുത്തരുടെയും ഭൂമി അടയാളപ്പെടുത്താൻ സാധിക്കും. കയ്യേറ്റശ്രമങ്ങളും ഭൂമി തർക്കങ്ങളും ഒഴിവാക്കാൻ ഇതുവഴി സാധിക്കും. പഞ്ചായത്തിരാജ് മന്ത്രലായത്തിൻ്റേതാണ് സ്വാമിത്വ പദ്ധതി.















