കോഴിക്കോട്: ഗോവ ഗവർണർ പി.എസ് ശ്രീധരൻപിള്ളയുടെ എഴുത്തിന്റെ സുവർണ ജൂബിലിക്ക് ആദരം അർപ്പിച്ച് സാഹിത്യ നഗരം. കോഴിക്കോട് നടന്ന സുവർണ ജൂബിലി ആഘോഷം ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ ഉദ്ഘാടനം ചെയ്തു. രാഷ്‌ട്രീയ സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. ഇൻഡോ അറബ് കോൺഫഡറേഷൻ കൗൺസിലാണ് പരിപാടി സംഘടിപ്പിച്ചത്.
തിരക്കേറിയ ജീവിതത്തിനിടയിൽ 250 പുസ്തകങ്ങൾ എഴുതുക എന്നത് വലിയ കാര്യമാണെന്നും അതുകൊണ്ട് തന്നെ ഈ ചടങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ടെന്നും കേരളാ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ പറഞ്ഞു. ഗോവ തന്റെ ജന്മഭൂമിയാണ്. ഇപ്പോൾ കേരളമാണ് കർമഭൂമി. ഒരു വർഷത്തിനകം മലയാള ഭാഷ പഠിക്കും, മലയാളം സംസാരിക്കുകയും ചെയ്യും. രണ്ട് സംസ്ഥാനങ്ങൾക്കും സാംസ്കാരികമായും ചരിത്രപരമായും സമാനതകൾ ഏറെയുണ്ടെന്നും അർലേക്കർ ചൂണ്ടിക്കാട്ടി. പ്രിയ സഹോദരി, സഹോദരന്മാരെ എന്ന് മലയാളത്തിൽ അഭിസംബോധന ചെയ്താണ് അദ്ദേഹം ഉദ്ഘാടന പ്രസംഗം ആരംഭിച്ചത്.
സാധാരണക്കാരായ മനുഷ്യർക്കൊപ്പം നിൽക്കുക എന്നതാണ് പൊതുപ്രവർത്തനമെന്ന് വിശ്വസിക്കുന്നതായി അർലേക്കർ കൂട്ടിച്ചേർത്തു. ഏതു പാർട്ടി പ്രവർത്തകനായാലും മനുഷ്യത്വമാണ് വേണ്ടത്. അത് ശ്രീധരൻപിള്ളയ്‌ക്കുണ്ട്. ഗോവയും കേരളവും നന്നായി മനസിലാക്കിയ വ്യക്തിയാണ് അദ്ദേഹം. നല്ല രാഷ്‌ട്രീയക്കാരൻ ആവണമെങ്കിൽ, ആദ്യം നല്ല മനുഷ്യൻ ആവണം. നല്ല മനുഷ്യൻ ആയില്ലെങ്കിൽ സമൂഹത്തിന് ഒന്നും കൊടുക്കാൻ പറ്റില്ലെന്നും ഗവർണർ അർലേക്കർ പറഞ്ഞു.
സ്വാമി ചിദാനന്ദപുരി, കാന്തപുരം അബൂബക്കർ മുസ്ലിയാർ, ബസേലിയോസ് മാർത്തോമ മാത്യൂസ് തൃത്രീയൻ കാത്തോലിക്ക ബാവ എന്നിവർ അനുഗ്രഹ ഭാഷണം നടത്തി. എംപി അഹമ്മദ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പി.കെ കൃഷ്ണ ദാസ്, MK രാഘവൻ MP, പിവി ചന്ദ്രൻ, NK അബ്ദുൾ റഹ്മാൻ, ആറ്റക്കോയ പള്ളിക്കണ്ടി, MV കുഞ്ഞാമു തുടങ്ങിയവർ സംബന്ധിച്ചു.
ബിജെപി നേതാക്കളുമായി വേദി പങ്കിടുന്നതിനെ വിമർശിക്കുന്നവർ ബുദ്ധിയില്ലാത്തവരാണെന്നായിരുന്നു ചടങ്ങിൽ പങ്കെടുത്ത കാന്തപുരം AP അബൂബക്കർ മുസ്ലിയാറുടെ വാക്കുകൾ. ഇന്നത്തെ പരിപാടിയിൽ പങ്കെടുത്തതിലും വിമർശനം ഉണ്ടാകും. മുമ്പ് ഒ. രാജഗോപാൽ മർകസിൽ വന്നപ്പോൾ വലിയ കോലാഹലമാണ് ഉണ്ടായത്. ഇപ്പോൾ അതൊക്കെ കെട്ടടങ്ങിയെന്നും അദ്ദേഹം പറഞ്ഞു.
ജീവിതത്തിലെ ഏറ്റവും ധന്യമായ മുഹൂർത്തമാണിതെന്ന് അഡ്വ. പി.എസ് ശ്രീധരൻപിള്ള മറുപടി പ്രസംഗത്തിൽ പറഞ്ഞു. വളർച്ചയ്‌ക്ക് അരങ്ങ് ഒരുക്കിയവർക്കെല്ലാം അദ്ദേഹം നന്ദി പ്രകാശിപ്പിച്ചു. നല്ല മനുഷ്യനാകുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഗവർണറും മുഖ്യമന്ത്രിയുമല്ല, സാധാരണ ജനങ്ങളാണ് വലുതെന്നും ശ്രീധരൻപിള്ള ചൂണ്ടിക്കാട്ടി. രാഷ്‌ട്രീയത്തിൽ ശത്രുക്കൾ ഇല്ല. എതിരാളികൾ മാത്രമാണുള്ളത്. കാന്തപുരവുമായി വളരെക്കാലമായുള്ള ആത്മബന്ധമാണ്. വ്യത്യസ്ത ആശയങ്ങൾ പിന്തുടരുമ്പോഴും ഊഷ്മളമായ ബന്ധം തുടരുന്നു. 30 കൊല്ലം മുൻപ് താനും ഒ. രാജഗോപാലും കാന്തപുരത്തെ കണ്ടത് വലിയ വിവാദമായിരുന്നു. കാലം ഇതിനെല്ലാം മറുപടി നൽകി. താൻ വിശ്വസിക്കുന്ന പാർട്ടി കാന്തപുരത്തെ ഏതുപരിപാടിക്ക് വിളിച്ചാലും വരും. അതിന് മറയൊന്നും കാന്തപുരം തീർക്കാറില്ല. ഇതെല്ലാം വ്യക്തികൾ തമ്മിലുള്ള ആത്മബന്ധത്തിന്റെ ദൃഢതയാണെന്നും പി.എസ് ശ്രീധരൻപിള്ള പറഞ്ഞു.















