ദുബായ്: ഇനി മുതൽ യുഎഇയിലെ പ്രവാസികൾക്ക് സ്വന്തം സ്പോൺസർഷിപ്പിൽ ബന്ധുക്കളെയും സുഹൃത്തുക്കളെയും സന്ദർശക വിസയിൽ കൊണ്ടുവരാം. ഇതിനായി ഐസിപി വെബ്സൈറ്റ്, സ്മാർട്ട് ആപ്പ് എന്നിവയിലൂടെ അപേക്ഷിക്കാം. അടിസ്ഥാന യോഗ്യതയായി ബിരുദം ആവശ്യപ്പെടുന്ന തസ്തികയിൽ ജോലി ചെയ്യുന്നവർക്കാണ് വിസ ആനുകൂല്യം ലഭിക്കുക.
ഐസിപി നിർദേശിക്കുന്ന ഒന്ന്, രണ്ട് വിഭാഗത്തിൽ ജോലി ചെയ്യുന്ന വിദേശികൾക്കാണ് സ്വന്തം സ്പോൺസർഷിപ്പിൽ ബന്ധുക്കളെയും സുഹൃത്തുക്കളെയും യുഎഇയിലേക്ക് സന്ദർശക വിസയിൽ കൊണ്ടുവരാൻ സാധിക്കുക. ഒന്നു മുതൽ 3 മാസം വരെ കാലാവധിയുള്ള സിംഗിൾ എൻട്രി, ഒന്നിലേറെ തവണ യാത്ര ചെയ്യാവുന്ന മൾട്ടിപ്പിൾ എൻട്രി വിസ എന്നിവയിൽ ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാനുള്ള അവസരമുണ്ട്. വിസ ലഭിച്ചാൽ 60 ദിവസത്തിനകം രാജ്യത്ത് പ്രവേശിച്ചാൽ മതി. തുല്യകാലയളവിലേക്ക് പുതുക്കുകയും ചെയ്യാം.
ഐസിപി വെബ്സൈറ്റ്, സ്മാർട്ട് ആപ്പ് എന്നിവയിലൂടെ അപേക്ഷിക്കാം. എന്നാൽ വിസ കാലാവധിക്കുശേഷം രാജ്യം വിടാത്തവർക്കെതിരെ പിഴ ചുമത്തുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. അപേക്ഷകന് 6 മാസ കാലാവധിയുള്ള പാസ്പോർട്ട്, മടക്കയാത്രാ ടിക്കറ്റ്, ആരോഗ്യ ഇൻഷുറൻസ് എന്നിവ ഉണ്ടായിരിക്കണം. വിസ ഉടമ യുഎഇ പൗരന്റെയോ യുഎഇ വിസക്കാരന്റെയോ സുഹൃത്തോ ബന്ധുവോ ആയിരിക്കണമെന്നും അധികൃതർ വ്യക്തമാക്കി. നിലവിൽ 10,000 ദിർഹം ശമ്പളമുള്ളവർക്ക് മാത്രമേ മാതാപിതാക്കളെയും അടുത്ത ബന്ധുക്കളെയും സ്പോൺസർ ചെയ്യാൻ സാധിക്കുമായിരുന്നുള്ളൂ. അതേസമയം ഭാര്യയെയും മക്കളെയും കൊണ്ടുവരുന്നതിന് 3,000 ദിർഹം ശമ്പളവും കമ്പനി താമസ സൗകര്യവും ഉണ്ടായിരിക്കണം.













