മുംബൈ: ബോളിവുഡ് നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റ കേസിലെ പ്രതി ഷെരീഫുൾ ഇസ്ലാമിനെ കണ്ടെത്താൻ നിർണായകമായത് റെയിൽവേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ. റെയിൽവേ സ്റ്റേഷന് മുന്നിൽ നിന്ന് ബൈക്കുമായി പോകുന്ന പ്രതിയുടെ ദൃശ്യങ്ങളാണ് അന്വേഷണ സംഘത്തിന് പ്രതിയിലേക്ക് എത്താൻ പ്രധാന തുറുപ്പുചീട്ടായത്. പ്രതി സഞ്ചരിച്ച ബൈക്കിന്റെ നമ്പർപ്ലേറ്റ് വ്യക്തമായതോടെ അന്വേഷണ സംഘത്തിന് കുറച്ചുകൂടി എളുപ്പമായി.
ദാദർ റെയിൽവേ സ്റ്റേഷന് പുറത്തുവച്ച് മൂന്ന് തവണ പ്രതിയെ കണ്ടതായും മുംബൈയിലെ വോർളി കോളിവാഡയിലേക്ക് പോയതായും പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതിനിടെ പ്രദേശത്തെ ഒരു ലേബർ കോൺട്രാക്ടറെ ഷെരീഫുൾ സന്ദർശിച്ചതായി പൊലീസിന് വിവരം ലഭിച്ചു. കോൺട്രാക്ടറെ ചോദ്യം ചെയ്തതിൽ നിന്നാണ് പ്രതിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പൊലീസിന് ലഭിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് താനെയിലെ വനമേഖലയോട് ചേർന്നുള്ള ലേബർ ക്യാമ്പിൽ നിന്ന് പൊലീസ് പ്രതിയെ കണ്ടെത്തിയത്.
അനധികൃതമായി ഇന്ത്യയിലേക്ക് പ്രവേശിച്ച ബംഗ്ലാദേശ് പൗരനാണ് അക്രമിയായ ഷെരീഫുൾ ഇസ്ലാം. ശുചീകരണ ജോലികൾക്കായി സെയ്ഫിന്റെ വീട്ടിൽ ഇയാൾ നേരത്തെ വന്നിട്ടുണ്ടെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ അഞ്ച് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽവിട്ടിട്ടുണ്ട്.
പ്രതിയെ കണ്ടെത്തുന്നതിനായി 40 സംഘങ്ങളായി തിരിഞ്ഞാണ് മുംബൈ പൊലീസ് അന്വേഷണം നടത്തിയത്. ബാന്ദ്ര, മുംബൈ പ്രദേശങ്ങളിലായി നിരവധി സിസിടിവി കാമറകൾ പരിശോധിച്ചു. ചോദ്യം ചെയ്യലിൽ മോഷ്ടിക്കാൻ വന്നതാണെന്ന് പ്രതിയെ മൊഴി നൽകിയെങ്കിലും പൊലീസ് ഇത് വിശ്വാസിച്ചിട്ടില്ല. ഇയാൾക്ക് മറ്റൊരാളുടെ സഹായം ലഭിച്ചതായാണ് പൊലീസിന്റെ നിഗമനം.