ദേശീയ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് ബംഗ്ലാദേശ് കോടതി. വണ്ടി ചെക്ക് കേസുകളിലാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. ഏകദേശം രണ്ടര കോടിയുടെ ചെക്കുകളാണ് ബൗൺസ് ആയത്. കോടതി നേരത്തെ താരത്തിന് സമൻസ് അയച്ചിരുന്നുവെങ്കിലും ഷാക്കിബ് കോടതിയിൽ ഹാജരായിരുന്നില്ല. ഐഎഫ്ഐസി ബാങ്ക് ജീവനക്കാരനായ മൊഹമ്മദ് ഷബിബുർ റഹ്മാൻ ആണ് പരാതിക്കാരൻ.
ഷെയ്ഖ് ഹസീന സർക്കാരിലെ നിയമസഭ അംഗമായിരുന്നു ഷാക്കിബ് അൽ ഹസൻ. ബംഗ്ലാദേശിലെ കലാപത്തെ തുടർന്ന് ഷെയ്ഖ് ഹസീന ഇന്ത്യയിൽ അഭയം തേടിയിരുന്നു. സർക്കാരിന് ഭരണം നഷ്ടമാകുമ്പോൾ ഷാക്കിബ് കാനഡയിലെ ആഭ്യന്തര ലീഗിൽ കളിക്കുകയായിരുന്നു. ഇതിന് ശേഷം താരത്തിന് ബംഗ്ലാദേശിലേക്ക് മടങ്ങിയെത്താൻ സാധിച്ചിട്ടില്ല.
ബംഗ്ലാദേശിനായി 71 ടെസ്റ്റുകളും 247 ഏകദിനങ്ങളും 129 ട്വൻ്റി20കളും കളിച്ചിട്ടുള്ള ഈ ഇടംകയ്യൻ ഓൾറൗണ്ടർ 712 വിക്കറ്റുകൾ നേടിയിട്ടുണ്ട്. അതേസമയം അടുത്ത മാസം പാകിസ്താനിലും ദുബായിലുമായി നടക്കുന്ന ചാമ്പ്യൻസ് ട്രോഫി ടൂർണമെൻ്റിനുള്ള 15 അംഗ ടീമിൽ നിന്ന് അദ്ദേഹത്തെ ഒഴിവാക്കി.