ശ്രീനഗർ: കശ്മീരിലെ അടിസ്ഥാനസൗകര്യ വികസനത്തിന്റെ ഭാഗമായി ജമ്മുവിലെ കത്രയിൽ നിന്ന് ബുദ്ഗാമിലേക്കുള്ള എസി ട്രെയിനിന്റെ പരീക്ഷണയോട്ടം വിജയകരമായി പൂർത്തിയായി. 18 കോച്ചുള്ള ട്രെയിനിന്റെ പരീക്ഷണയോട്ടമാണ് പൂർത്തിയായത്. ഉധംപൂർ-ശ്രീനഗർ-ബാരാമുള്ള റെയിൽ ലിങ്ക് (USBRL) പദ്ധതിയുടെ ഭാഗമാണിത്.
കത്രയ്‌ക്കും ശ്രീനഗറിനും ഇടയിലുള്ള ആദ്യത്തെ പരീക്ഷണ ഓട്ടമായിരുന്നു ഇത്. 41,000 കോടി രൂപ ചെലവിലാണ് റെയിൽവേ ലൈൻ നിർമിച്ചിരിക്കുന്നത്. 12.77 കിലോമീറ്റർ നീളമുള്ള ടി-49 തുരങ്കം ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ റെയിൽവേ തുരങ്കമാണ്. 326 കിലോമീറ്ററാണ് ദൈർഘ്യം. അതിൽ 111 കിലോമീറ്റർ ദൂരം തുരങ്കത്തിലൂടെ കടന്നുപോകും.
കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ച് വിശദമായി പഠിച്ച ശേഷമാണ് നിർമാണപ്രവർത്തനങ്ങൾ നടന്നത്. വെല്ലുവിളികൾ നിറഞ്ഞ പർവതങ്ങളും നദികളും കടന്നാണ് റെയിൽവേ ലിങ്ക് കടന്നുപോകുന്നത്. വിദ്യാർത്ഥികൾക്കും വിവിധയിടങ്ങളിൽ ജോലി ചെയ്യുന്ന യുവാക്കൾക്കും ഏറെ പ്രയോജനകരമായിരിക്കും ഈ റെയിൽവേ ലൈനെന്ന് അധികൃതർ പറഞ്ഞു.
വിദേശികൾ ഉൾപ്പെടെയുള്ള വിനോദസഞ്ചാരികളെ ആകർഷിക്കുന്നതാണ് ഉധംപൂർ-ശ്രീനഗർ-ബാരാമുള്ള റെയിൽ ലിങ്ക്. രാജ്യത്തിലെ മറ്റ് സംസ്ഥാനങ്ങളുമായി ബന്ധപ്പിക്കുന്നവയിൽ ഇവ നിർണായക പങ്കുവഹിക്കുന്നുണ്ടെന്നാണ് വിലയിരുത്തൽ. ഉദ്ഘാടനത്തിന്റെ തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.















